
കോട്ടയം : കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കെ റെയിൽ. പദ്ധതിയുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായ പ്രകടനങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്ന് ഉണ്ടായികൊണ്ടിരിക്കുന്നത്. പല പ്രദേശങ്ങളിലും പദ്ധതിക്ക് എതിരായ ജനകീയ സമിതികളും രൂപപ്പെട്ട് കഴിഞ്ഞു. ഇപ്പോഴിതാ പനച്ചിക്കാട് പഞ്ചായത്തിൽ പദ്ധതിക്കായി കല്ലിടാനായി എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് കൊണ്ടുള്ള ഒരു സ്‌ത്രിയുടെ വാക്കുകളാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്.
നാല്പത് വർഷമായി മുടങ്ങികിടക്കുന്ന പാലത്തിന്റെ പണി ചെയ്ത് തീർത്തിട്ടാവാം കെ റെയിൽ നടപ്പിലാക്കുന്നത് എന്ന് കടുത്ത ഭാഷയിൽ പറയുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്.
'ഈ പനച്ചിക്കാട് പഞ്ചായത്തിൽ എല്ലാവർക്കും കുടിവെള്ളം എത്തിച്ച് തരാൻ പറ, മര്യാദക്ക് യാത്ര ചെയ്യാൻ ഗട്ടറില്ലാത്ത റോഡ് ഉണ്ടാക്കി തരാൻ പറ, ആരോഗ്യ സംരക്ഷണത്തിനായി ആശുപത്രി ഉണ്ടാക്കി തരാൻ പറ, എന്നിട്ടാവാം കെ റെയിൽ. ഒരു കെ റെയിൽ ഇല്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ സഹിച്ചുവെന്നും കെ റെയിൽ നടക്കില്ലെ'ന്നും അവർ വീഡിയോയിൽ പറയുന്നത് കേൾക്കാം.
കുറച്ച് സിമന്റും കമ്പിയും ചെലവഴിച്ച് ഒരു പദ്ധതി ഉണ്ടാക്കുന്നതല്ല വികസനം. വികസന സാദ്ധ്യമാകണമെങ്കിൽ ഒരു പ്രദേശത്തെ ജനങ്ങൾക്ക് അവരുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറണം . അവർക്ക് ഭക്ഷണം വേണം, തൊഴിൽ വേണം, പാർപ്പിടം വേണം, പെൺകുട്ടികൾക്ക് ജീവ ഭയവും മാന ഭയവും ഇല്ലാതെ ജീവിക്കാൻ ആകണമെന്നും അവർ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോയിൽ പറയുന്നുണ്ട്.