guruvayoor

ഗുരുവായൂർ: അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് കടുത്ത ഗുരുവായൂർ ഭക്തനായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ അദ്ദേഹവും ഭാര്യയും ഗുരുവായൂരെത്തിയിരുന്നു. കണ്ണനെ തൊഴുത ശേഷം നേരെ പോയത് പുന്നത്തൂർ കോട്ടയിലെ ആനത്താവളത്തിലാണ്. ഒരു മണിക്കൂറോളം അവിടെ ചെലവിട്ടു, ആനകൾക്ക് ഭക്ഷണവും നൽകി. രാത്രി ശ്രീവത്സം ഗസ്റ്റ് ഹൗസിൽ താമസിച്ച് പിറ്റേന്ന് നിർമ്മാല്യം തൊഴുത ശേഷമാണ് മറ്റു പരിപാടികളിൽ പങ്കെടുത്തത്.

കൊച്ചി കപ്പൽശാലയിൽ വിമാന വാഹിനി ഐ.എൻ.എസ് വിക്രാന്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തലായിരുന്നു പ്രധാന ദൗത്യം. ചുമതലയേറ്റ ശേഷമുള്ള ആദ്യ കൊച്ചി സന്ദർശനമായിരുന്നു. കൊച്ചിയിൽ നിന്ന് കേരള പൊലീസിന്റെ പൈലറ്റ് വാഹനമാണ് ജനറലിന്റെ വാഹന വ്യൂഹത്തെ ഗുരുവായൂരിലേക്ക് നയിച്ചത്. ഏപ്രിൽ മൂന്നിനെത്തിയ അദ്ദേഹം മടങ്ങിയത് അഞ്ചിനായിരുന്നു.

മടങ്ങുന്നതിന് മുന്നേ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി മധുരപലഹാരങ്ങൾ നൽകി നന്ദി പറഞ്ഞു. സ്നേഹത്തോടെയാണ് അദ്ദേഹം പൊലീസുകാരോടുൾപ്പെടെ പെരുമാറിയതെന്ന് പൈലറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ സി.ആർ. ജിജേഷ് പറഞ്ഞു. ഗസ്റ്റ് ഹൗസിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നടന്നാണ് പോയത്. നാവികസേനയുടെ ഉൾപ്പെടെ കർശന സുരക്ഷാ സന്നാഹങ്ങൾക്കിടയിലും തികച്ചും സാധാരണക്കാരനെപ്പോലെയാണ് അദ്ദേഹം എല്ലാവരുമായും ഇടപെട്ടതെന്ന് ജിജേഷ് പറഞ്ഞു.