
ന്യൂഡൽഹി: ജീവനക്കാരുടെ കൂട്ട പിരിച്ചുവിടലിന്റെ പേരിൽ കടുത്ത വിമർശനം നേരിടേണ്ടി വന്ന ബെറ്റർ ഡോട്ട് കോം സി ഇ ഒ വിശാൽ ഗാർഗ് ക്ഷമാപണവുമായി രംഗത്ത്. യു എസ് ആസ്ഥാനമായുള്ള ഓൺലൈൻ മോർട്ട്ഗേജ് ( പണയം, ജാമ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ടത്) സ്ഥാപനമായ ബെറ്റർ ഡോട്ട് കോം, 900 തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. ജീവനക്കാരെ പിരിച്ചുവിടുന്നതായി സൂം കോളിലൂടെ വിശാൽ അറിയിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് വിശാലിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചത്.
ഒൻപത് ശതമാനം ജീവനക്കാരെ പ്രകടനത്തിന്റെയും ഉത്പാദനക്ഷമതയുടെയും പേരിലാണ് കമ്പനി പിരിച്ചുവിട്ടതെന്ന് വിശാൽ ഗാർഗ് വ്യക്തമാക്കിയിരുന്നു. എന്നാൽ ജീവനക്കാരെ പിരിച്ചുവിടുന്നതിനായി താൻ സ്വീകരിച്ച മാർഗം സാഹചര്യത്തെ കൂടുതൽ വഷളാക്കിയെന്നും, തെറ്റുപറ്റിയെന്നും ക്ഷമാപണം നടത്തുന്നതിനിടെ വിശാൽ അറിയിച്ചു. ഇന്ത്യയിൽ നിന്നും യുഎസിൽ നിന്നുമുള്ള ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
7.7 ബില്യൺ ഡോളർ വിലമതിക്കുന്ന ഇടപാടിലൂടെ ബ്ലാങ്ക് ചെക്ക്സ്ഥാപനമായ അറോറ അക്വിസിഷൻ കോർപ്പറേഷനുമായി ബെറ്റർ ഡോട്ട് കോം ലയനത്തിലാകുമെന്ന് കഴിഞ്ഞ മേയിൽ കമ്പനി അറിയിച്ചിരുന്നു. 2016ൽ ആണ് ബെറ്റർ ഡോട്ട് കോം സ്ഥാപിതമായത്.