infant-death

കോട്ടയം: നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വഭാവികതയുണ്ടെന്ന് സംശയം. ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്റെയും നിഷയുടെയും കുഞ്ഞാണ് മരിച്ചത്. സംഭവം നടക്കുമ്പോൾ നിഷയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഞായറാഴ്ചയാണ് കുഞ്ഞ് ജനിച്ചത്.

കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ ബക്കറ്റിലിടാൻ മൂത്ത കുട്ടിയോട് പറഞ്ഞിരുന്നെന്ന് നിഷ പൊലീസിന് മൊഴി നൽകി. പെയിന്റിംഗ് തൊഴിലാളിയായ സുരേഷിന്റെയും നിഷയുടെയും ആറാമത്തെ കുട്ടിയാണ് മരിച്ചത്. നിഷ കാൽ തളർന്ന് എഴുന്നേറ്റു നടക്കാൻ വയ്യാത്ത അവസ്ഥയിലാണ്. കുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസിയായ സ്ത്രീ എത്തിയപ്പോൾ വീട്ടിൽ എല്ലാവർക്കും കൊവിഡാണെന്നും പറഞ്ഞ് ഇവർ തിരിച്ചയക്കുകയായിരുന്നു. സംശയം തോന്നിയ അയൽവാസി ആശാവർക്കറെ വിവരമറിയിച്ചു.

ആശാവർക്കർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതായി മനസിലായത്. തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നിഷയെ പൊലീസ് നിരീക്ഷണത്തിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.