black-box

ത​മി​ഴ്നാ​ട്ടി​ലെ​ ​കൂ​നൂ​രി​ൽ​ ​ഇ​ന്ന​ലെ​യു​ണ്ടാ​യ​ ​വ്യോ​മ​സേ​നാ​ ​ഹെ​ലി​കോ​പ്റ്റ​ർ​ ​അ​പ​ക​ട​ത്തി​ൽ​ ​ഇ​ന്ത്യ​യുടെ​ ​സം​യു​ക്ത​ ​സേ​നാ​ ​മേ​ധാ​വി,​​​ ​ജ​ന​റ​ൽ​ ​ബി​പി​ൻ​ ​റാ​വ​ത്തും​ ​ഭാ​ര്യ​ ​മ​ധു​ലി​ക​ ​റാ​വ​ത്തും​ ​അ​ന്ത​രി​ച്ച വാർത്ത ‌ഞെട്ടലോടെയാണ് രാജ്യം ശ്രവിച്ചത്.​ ​റാ​വ​ത്തി​ന്റെ​ ​ഡി​ഫ​ൻ​സ് ​അ​സി​സ്റ്റ​ന്റും​ ​വ്യോ​മ​സേ​നാ​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ഉ​ൾ​പ്പെ​ടെ​ ​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​ 14​ ​പേ​രി​ൽ​ 13​ ​പേ​ർ​ക്കും​ ​ജീ​വ​ൻ​ ​ന​ഷ്ട​മാ​യിരുന്നു.​ ​

ക​ട്ടേ​രി​ ​ഫാ​മി​നു​ ​സ​മീ​പം​ ​മ​ല​നി​ര​ക​ൾ​ക്കു​ ​മു​ക​ളി​ൽ​ ​മ​ര​ത്തി​ലി​ടി​ച്ചു വിമാനം ​ ​ത​ക​‌​ർ​ന്നതാണ് അപകടത്തിന് കാരണം. അ​തീ​വ​സു​ര​ക്ഷാ​ ​സ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ള്ള​ ​എം.​ഐ​ 17​ ​വി​ 5​ ​കോ​പ്റ്റ​റി​നു​ണ്ടാ​യ​ ​അ​പ​ക​ട​ത്തി​ൽ​ ​വ്യോ​മ​സേ​ന​ ​അ​ന്വേ​ഷ​ണം​ ​പ്ര​ഖ്യാ​പി​ച്ചിരിക്കുകയാണ്. മൂന്ന് സേനകളുടെയും പ്രതിനിധികൾ ചേർന്ന സമിതിയും അന്വേഷണം നടത്തുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.


വെല്ലിംഗ്ടൺ ഡിഫൻസ് കോളേജ് ഹെലിപ്പാഡിൽ ലാൻഡ് ചെയ്യുന്നതിന് അഞ്ച് മിനിട്ട് മാത്രമുള്ളപ്പോൾ സംഭവിച്ചത് എന്ത്? അട്ടിമറി സാദ്ധ്യതകൾ, പൈലറ്റുമാരുമായുള്ള ആശയവിനിമയം അടങ്ങിയ കോക്ക്പിറ്റ് റെക്കോഡർ പരിശോധന, മോശം കാലാവസ്ഥ ഹെലികോപ്‌ടറിന് തടസമായോ,തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. അന്വേഷണത്തിന് നിർണായക പങ്ക് വഹിക്കുന്നത് വിമാനത്തിന്റെ ബ്ളാക്ക് ബോക്സ് ആണ്.

എന്താണ് ബ്ളാക്ക് ബോക്സ്?

വിമാനങ്ങളിൽ ഘടിപ്പിക്കുന്ന ഒരു ഇലക്ട്രോണിക് റെക്കോർഡിംഗ് ഡിവൈസാണ് ബ്ളാക്ക് ബോക്സ്. ഫ്ലൈറ്റ് റെക്കോർഡറുകൾ എന്നാണ് ഇവയുടെ മറ്റൊരു പേര്. ഒരു ചെറിയ പെട്ടിയുടെ വലിപ്പം മാത്രമാണ് ഇതിനുള്ളത്. ഇതിന് കറുത്ത നിറമോ ബോക്സിന്റെ ആകൃതിയോ ഇല്ല. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടിഷ് പട്ടാളം റേഡിയോ, റഡാർ , ഇലക്ട്രോണിക് നാവിഗേഷൻ എന്നിവയുമായി ബന്ധപ്പെട്ട രഹസ്യ ഉപകരണങ്ങൾ കറുത്ത ബോക്സിനുളളിലായിരുന്നു സൂക്ഷിച്ചിരുന്നത്. വിമാനത്തിലെ വിവരങ്ങൾ റെക്കോർ‌ഡ് ചെയ്ത് സൂക്ഷിക്കുന്ന ഓറഞ്ച് നിറത്തിലുള്ള ഉപകരണത്തിന് അങ്ങനെയാണ് ബ്ളാക്ക് ബോക്സ് എന്ന പേര് ലഭിച്ചത്. വായുവേഗം, ഉയരം, കോക്ക്പിറ്റ് സംഭാഷണങ്ങൾ, വായു മർദ്ദം തുടങ്ങിയ ഒരു വിമാനത്തെ സംബന്ധിച്ച എൺപത്തിയെട്ട് സുപ്രധാന ഘടകങ്ങൾ ബ്ളാക്ക് ബോക്സിൽ രേഖപ്പെടുത്തുന്നു.

ഉപകരണങ്ങൾ

ബ്ളാക്ക് ബോക്സിനുള്ളിൽ രണ്ട് തരം ഉപകരണങ്ങളാണുള്ളത്. ആദ്യത്തേത് ഫ്ളൈറ്റ് ഡാറ്റാ റെക്കോർഡർ (എഫ് ഡി ആർ). വിമാനത്തിന്റെ പ്രവർത്തനങ്ങളെ സെക്കന്റ് അടിസ്ഥാനത്തിൽ രേഖപ്പെടുത്തുന്ന ഉപകരണമാണിത്. രണ്ടാമത്തെ ഉപകരണം കോക്ക് പിറ്റ് വോയിസ് റെക്കോർഡർ (സി വി ആർ) ആണ്. പൈലറ്റുകളുടെ സംഭാഷണം ഉൾപ്പടെ കോക്ക് പിറ്റിനുള്ളിലെ ശബ്ദങ്ങൾ ഇത് രേഖപ്പെടുത്തും.

പ്രവ‌ർത്തനം

കൊമേഴ്സ്യൽ ഫ്ളൈറ്റുകളിലും, കോർപ്പറേറ്റ് ജെറ്റുകളിലും ബ്ളാക്ക് ബോക്സ് നിർബന്ധമാണ്. വിമാനം തകർന്നാൽ ഏറ്റവും കുറവ് കേടുപാടുകൾ ഉണ്ടാകുന്ന പുറക് ഭാഗത്തായാണ് ഇത് ഘടിപ്പിക്കാറുള്ളത്. ഫ്ളൈറ്റ് ഡാറ്റാ റെക്കോർഡർ വിമാനത്തിന്റെ വായുവേഗം, ഉയരം, ലംബമായ വേഗവർദ്ധന, ഇന്ധന ഒഴുക്ക് എന്നിവ റെക്കോർഡ് ചെയ്യും. ഏകദേശം ഇരുപത്തിയഞ്ച് മണിക്കൂറോളം വിവരശേഖരത്തിനുള്ള സ്റ്റോറേജാണ് എഫ് ഡി ആറിലുള്ളത്. എയർ ട്രാഫിക് കൺട്രോളുമായുള്ള കോക്ക് പിറ്റിലെ സംഭാഷണങ്ങൾ ഉൾപ്പടെ റെക്കോർഡ് ചെയ്യുന്നതിന് സഹായിക്കുന്ന ഉപകരണമാണ് സി വി ആർ. സ്വിച്ചുകളുടെയും എഞ്ചിന്റെയും ശബ്ദങ്ങൾ ഉൾപ്പടെയാണ് ഇതിൽ റെക്കോർഡ് ചെയ്യപ്പെടുന്നത്. എഫ് ഡി ആർ, സി വി ആർ എന്നിവ ഒരുമിച്ച് പരിശോധിച്ചാൽ വിമാനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകും. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ തകരാറുകളും മറ്റും മനസിലാക്കുന്നത് ഇങ്ങനെയാണ്.

വി സി ആറിന് രണ്ട് മണിക്കൂറിനുള്ളിലെ ശബ്ദങ്ങൾ മാത്രമേ റെക്കോർഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. വിമാനത്തിലെ ജീവനക്കാരുടെയുൾപ്പടെ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നതിനാൽ അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താനാകും.

ബ്ളാക്ക് ബോക്സ് കണ്ടുപിടിക്കുന്നതെങ്ങനെ?

കരയിൽ വച്ചാണ് അപകടം ഉണ്ടാകുന്നതെങ്കിൽ ബ്ളാക്ക് ബോക്സ് കണ്ടെത്താൻ എളുപ്പമാണ്. മറിച്ച് കടലിലാണ് അപകം ഉണ്ടാകുന്നതെങ്കിൽ ബ്ളാക്ക് ബോക്സിനുള്ളിലെ അണ്ടർ വാ‌ട്ടർ ലൊക്കേറ്റർ ബീക്കൺ ഉപയോഗിച്ച് ഇത് കണ്ടെത്താം. വെള്ളത്തിൽ വീഴുമ്പോൾ ഒരു അൾട്രാ സോണിക് പൾസ് ഇത് പുറപ്പെടുവിക്കും. പൾസ് മുപ്പത് ദിവസം വരെയുണ്ടാകും. ഇതിനുള്ളിൽ ബ്ളാക്ക് ബോക്സ് കണ്ടെത്തണം.

നിർമാണം

ഏത് തരം അപകടത്തെയും അതിജീവിക്കാൻ കഴിയുന്ന രീതിയിലാണ് ബ്ളാക്ക് ബോക്സ് നിർമിക്കുന്നത്. കടുത്ത താപം, ഉയർന്ന സമ്മർദ്ദം, വീഴ്ചയിലുണ്ടാകുന്ന ആഘാതം എന്നിവയെ അതിജീവിക്കാൻ ഇതിന് സാധിക്കുന്നു. ഒരു കോൺക്രീറ്റ് ചുമരിലേയ്ക്ക് 750 കീ.മീറ്റർ വേഗതയിൽ വന്നിടിച്ചാലും തകരില്ല എന്ന് പരീക്ഷിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ഇത് വിമാനത്തിൽ ഘടിപ്പിക്കുന്നത്. 1100 ഡിഗ്രി സെൽഷ്യസ് ചൂട് വരെ ഇതിന് അതിജീവിക്കാൻ സാധിക്കും.