mobile-

ന്യൂഡൽഹി: ഒരാളുടെ രേഖകൾ ഉപയോഗിച്ചുകൊണ്ട് മറ്റ് പലരും മൊബൈൽ കണക്ഷനുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ടെലികോം മന്ത്രാലയം നിരീക്ഷണം ശക്തമാക്കാൻ ഒരുങ്ങുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ച് കൊണ്ടുള്ള തട്ടിപ്പുകൾ ശക്തമാകുകയും സ്പാം മെസേജുകൾ ഉൾപ്പെടെ വ്യാപിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ ടെലികോം മന്ത്രാലയം മൊബൈൽ സേവനദാതക്കൾക്ക് നിർദ്ദേശം കൊടുത്തിട്ടുണ്ട്.

മൊബൈൽ കണക്‌ഷനുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിച്ച് ടെലികോം കമ്പനികളാണ് സംശയമുള്ള നമ്പറുകളും കണക‍്ഷനുകളും കണ്ടെത്തേണ്ടത്. ഇക്കാര്യം സിം ഉടമകളെ അറിയിക്കണം. ഓൺലൈൻ വഴി നമ്പറുകൾ പുനഃപരിശോധിക്കാൻ ക്രമീകരണം നൽകണം. ഉപയോഗിക്കാത്ത നമ്പറുകൾ വിച്ഛേദിക്കുകയും ബന്ധുക്കളും മറ്റും ഉപയോഗിക്കുന്നതാണെങ്കിൽ അതു ട്രാൻസ്ഫർ ചെയ്യുകയും വേണം. ഒരാൾക്ക് ഒൻപതിൽ കൂടുതൽ കണക്ഷനുകൾ പാടില്ല എന്ന നിർദ്ദേശവുമുണ്ട്. കൂടുതലുള്ള ഉപയോക്താക്കളുടെ നമ്പറുകൾ പുനഃപരിശോധിക്കണം. ജമ്മു, അസം, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത് ആറ് കണക്ഷനാണ്. പരിശോധനാ ഘട്ടത്തിൽ മൊബൈൽ സേവനം തടയാൻ പാടില്ലെന്നും ഓൺലൈൻ നടപടികൾ പൂർത്തിയാക്കിയ ശേഷം ഉചിതമെങ്കിൽ കണക‍്ഷനുകൾ റദ്ദാക്കിയാൽ മതിയെന്നും നിർദ്ദേശമുണ്ട്.

എന്നാൽ പൊലീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ധനകാര്യ സ്ഥാപനങ്ങളും പരാതി ഉയർത്തുന്ന മൊബൈൽ നമ്പറുകൾ പരിശോധന കൂടാതെ വിച്ഛേദിക്കപ്പെടും. റീവെരിഫിക്കേഷൻ നടപടികൾ 30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയില്ലെങ്കിൽ ഔട്ട്ഗോയിങ് സേവനം നിർത്തലാക്കാനും നിർദ്ദേശമുണ്ട്.