
താരങ്ങൾ ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ഫാഷൻ ലോകത്തും സമൂഹമാദ്ധ്യമങ്ങളിലും ചർച്ചയാകാറുണ്ട്. അത്തരത്തിൽ നടി ശിൽപ ഷെട്ടിയുടെ ഷൂവിനെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. രണ്ട് കാലുകളിലും വ്യത്യസ്ത നിറങ്ങളിലുള്ള ഷൂവാണ് താരം ധരിച്ചിരിക്കുന്നത്.
ഷൂവിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പാദരക്ഷകൾ നല്ല ഭംഗിയുണ്ടെന്നും, നടിക്ക് ചേരുന്നുണ്ടെന്നുമൊക്കെ ആരാധകർ പറയുന്നു. എന്നാൽ മറ്റുചിലരാകട്ടെ ഭ്രാന്താണോയെന്നും, ഏത് അമ്പലത്തിൽ നിന്നാണ് മോഷ്ടിച്ചതെന്നുമൊക്കെയാണ് ചോദിക്കുന്നത്.
ശിൽപ എന്ത് ധരിച്ചാലും നിങ്ങൾക്ക് എന്താണ് എന്നാണ് ആരാധകർ വിമർശകരോട് ചോദിക്കുന്നത്. പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫർ യോഗൻ ഷായാണ് മുംബയിലെ കലിന എയർപോർട്ടിൽ നിന്നുള്ള നടിയുടെ ചിത്രം പകർത്തിയത്. വെള്ള ടീ ഷർട്ടും, കറുത്ത ലെതർ ജാക്കറ്റും,കറുത്ത ട്രൗസർ ധരിച്ചാണ് നടി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.