
അണ്ണാത്തെ സിനിമയിൽ 'അണ്ണാത്തെ അണ്ണാത്തെ...' എന്ന ഗാനത്തിന് വരികൾ എഴുതിയ വിവേകയും, 'വാ സാമി...' എന്ന സൂപ്പർഹിറ്റ് ഗാനം എഴുതിയ അരുൺ ഭാരതിയും ആദ്യമായി മലയാള സിനിമയിൽ.
എം എഫ് ഹുസൈന്റെ അസോസിയേറ്റ് ആയിരുന്ന മനോജ് കെ വർഗീസ് രചനയും സംവിധാനവും നിർവഹിക്കുന്ന 'ഫ്രീസർ നമ്പർ 18' എന്ന മലയാള സിനിമയിലെ രണ്ട് തമിഴ് ഗാനങ്ങൾക്ക് വരികൾ എഴുതുവാനാണ് വിവേകയും അരുൺ ഭാരതിയും കൊച്ചിയിലെത്തിയത്.
1999ൽ തമിഴ് സിനിമാ രംഗത്ത് ഗാനരചയിതാവായി തുടക്കം കുറിച്ച വിവേക, 'അണ്ണാത്തെ അണ്ണാത്തെ...' കൂടാതെ എക്‌സ്‌ക്യൂസ്മീ മിസ്റ്റർ കന്തസാമി', 'എൻ പേരു മീനാകുമാരി', 'ജുംഗുനുമണി', 'ഡാഡി മമ്മി വീട്ടിലില്ല' തുടങ്ങി 2500ൽപരം തമിഴ് ഗാനങ്ങൾക്ക് വരികൾ എഴുതിയിട്ടുണ്ട്.
'വാ സാമി...' കൂടാതെ 'നാഗ നാഗ', 'മീശ വെച്ച വേട്ടക്കാരൻ' തുടങ്ങി നിരവധി ഗാനങ്ങളിലൂടെ തമിഴ് സിനിമാലോകത്ത് തനതായ സ്ഥാനം ഉറപ്പിച്ചിട്ടുള്ള പ്രതിഭയാണ് അരുൺ ഭാരതി. കേരള സിലബസിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് അരുൺ ഭാരതിയുടെ കവിതയായ 'ഈമ കലയം' എന്ന കവിത പാഠ്യവിഷയമാണ്.
'ഫ്രീസർ നമ്പർ 18' എന്ന സിനിമയിൽ പ്രത്യാശ പ്രമേയമാക്കി സന്ദേശ് പീറ്റർ ചിട്ടപ്പെടുത്തിയ ഗാനത്തിനാണ് വിവേക വരികൾ എഴുതിയിട്ടുള്ളത്. ശങ്കർ മഹാദേവനും സിത്താര കൃഷ്ണകുമാറുമാണ് ഈ ഗാനം ആലപിക്കുന്നത്. ഒരു വിദ്യാർത്ഥി സമരത്തിന്റെ പശ്ചാത്തലത്തിൽ സുനിൽകുമാർ പി.കെ സംഗീതസംവിധാനം ചെയ്തിട്ടുള്ള ഗാനത്തിനാണ് അരുൺ ഭാരതി വരികൾ എഴുതിയിരിക്കുന്നത്. ഈ ഗാനം ആലപിക്കുന്നത് ഹരിചരണും എംവി മഹാലിംഗവും ജ്യോത്സ്‌നയും ചേർന്നാണ്.
ഷാസ് എന്റർടെയ്ൻമെന്റ്‌സ് ഇന്ത്യ എലമെന്റ്‌സുമായി സഹകരിച്ച് ഷഫ്രീൻ സിപി നിർമ്മിക്കുന്ന സിനിമയിൽ മൂന്ന് ഗാനങ്ങളാണ് ഉള്ളത്. മൂന്നാമത്തേത് മലയാളഗാനം തന്നെയാണ്. സുനിൽകുമാർ ആണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ പാട്ടിന്റെ രചയിതാവിനെയും ഗായകരെയും ഇനിയും തീരുമാനിച്ചിട്ടില്ല എന്ന് ചിത്രത്തിന്റെ സംവിധായകനായ മനോജ് പറഞ്ഞു.
മലയാളസിനിമയിൽ ഇപ്പോഴാണ് അരങ്ങേറ്റം കുറിക്കുന്നതെങ്കിലും, മലയാള സിനിമകൾ ധാരാളം കാണുന്നവരാണ് വിവേകവും അരുൺ ഭാരതിയും. കഥയ്ക്കും കവിതയ്ക്കും പ്രാധാന്യം നൽകുന്ന സിനിമകളാണ് മലയാളത്തിൽ ഉള്ളതെന്ന് രണ്ടു പേരും ഒരേ സ്വരത്തിൽ പറയുന്നു. അണ്ണാത്തെ സിനിമയിലെ തങ്ങളുടെ ഗാനങ്ങൾ സൂപ്പർഹിറ്റ് ആയതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇരുവരും കൂട്ടിച്ചേർത്തു.
തങ്ങളുടേതായി നിരവധി ഗാനങ്ങൾ തമിഴിൽ വരാനിരിക്കുന്നുണ്ട്. ഫ്രീസർ നമ്പർ 18 എന്ന സിനിമയുടെ കഥയും ഗാനസന്ദർഭവും സംവിധായകൻ ഫോണിൽ പറഞ്ഞപ്പോൾ മലയാള സിനിമയിലേക്കുള്ള തങ്ങളുടെ അരങ്ങേറ്റം ഈ സിനിമയിലൂടെയാക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല എന്നും ഇരുവരും പറഞ്ഞു.
വരുന്ന മാർച്ച് പകുതിയോടെ പാലക്കാട്, കോയമ്പത്തൂർ പരിസരങ്ങളിലായി ചിത്രീകരണം ആരംഭിക്കുന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമയിലെ പ്രമുഖ താരങ്ങൾ അണിനിരക്കും. ചിത്രത്തിനായി ബോളിവുഡിൽ നിന്ന് ഉൾപ്പടെയുള്ള പ്രമുഖ ടെക്‌നീഷ്യൻസുമായി എഗ്രിമെന്റ് ആയിട്ടുണ്ടെന്ന് ചിത്രത്തിന്റെ നിർമ്മാതാവായ ഷഫ്രീൻ പറഞ്ഞു.