
ഊട്ടി: ജനറൽ ബിപിൻ റാവത്തും സംഘവും ഹെലികോപ്‌ടർ അപകടത്തിൽ മരണമടഞ്ഞ വാർത്തയുടെ ഞെട്ടലിൽ നിന്നും രാജ്യം ഇതുവരെയും മോചിതയായിട്ടില്ല. റാവത്തിന്റെ ഭാര്യ മധുലിക, ഡിഫൻസ് അസിസ്റ്റന്റ്, വ്യോമസേനാ ഉദ്യോഗസ്ഥർ ഉൾപ്പെടെ കോപ്റ്ററിലുണ്ടായിരുന്ന 14 പേരിൽ 13 പേർക്കും ജീവൻ നഷ്ടമായിരുന്നു.
കട്ടേരി ഫാമിനു സമീപം മലനിരകൾക്കു മുകളിൽ മരത്തിലിടിച്ചു വിമാനം തകർന്നതാണ് അപകടത്തിന് കാരണം. അതീവസുരക്ഷാ സങ്കേതികവിദ്യകളുള്ള എം.ഐ 17 വി 5 കോപ്റ്ററിനുണ്ടായ അപകടത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് സേനകളുടെയും പ്രതിനിധികൾ ചേർന്ന സമിതിയും അന്വേഷണം നടത്തുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ചതിച്ചത് മഞ്ഞോ?
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഊട്ടിയിലും കൂനൂരിലും കാഴ്ച മറയ്ക്കുന്ന വിധം കനത്ത മൂടൽമഞ്ഞായിരുന്നു. ചൊവ്വാഴ്ച അൽപം കുറവുണ്ടായിരുന്നെങ്കിലും ഇന്നലെ വീണ്ടും കനത്തു. രക്ഷാപ്രവർത്തനം നടക്കുമ്പോഴേക്കും കനത്ത കോടമഞ്ഞായിരുന്നു.
നവംബർ – ഡിസംബർ കാലത്തെ മഞ്ഞ് വില്ലനാണെന്നു തിരിച്ചറിഞ്ഞിരുന്നയാളാണ് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത. ഇഷ്ട വിശ്രമകേന്ദ്രമായ കോടനാട്ടെ ബംഗ്ലാവിലേക്കു കോയമ്പത്തൂർ വിമാനത്താവളത്തിലിറങ്ങി സൂലൂരിൽനിന്നു ഹെലികോപ്റ്ററിലാണ് പോകാറുള്ളതെങ്കിലും നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലെ യാത്ര കാറിൽ ആയിരുന്നു. ഹെലികോപ്റ്റർ യാത്രയ്ക്കു പ്രശ്‌നങ്ങളില്ലെന്ന് അറിയിപ്പു ലഭിച്ചാലും വേണ്ടെന്നു ജയലളിത പറയുമായിരുന്നത്രേ. 'ചതിക്കുന്ന മഞ്ഞ്' എന്നാണ് ഈ സീസണിലെ കോടയെ പ്രദേശവാസികൾ വിശേഷിപ്പിക്കുന്നത്.