
ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്‌ക്കിടെ പൊലീസ് വാഹനം അപകടത്തിൽ പെട്ടു. ആംബുലൻസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 10 പേർക്ക് പരിക്കേറ്റു. വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ നിന്ന് റാവത്തിന്റെ മൃതദേഹം വിലാപയാത്രയായി സുലൂരിലെ സൈനിക കേന്ദ്രത്തിലേക്ക് കൊണ്ടുപോകവേയാണ് അപകടമുണ്ടായത്.
മൃതദേഹങ്ങൾ ഇന്ന് വൈകിട്ടോടെ ഡൽഹിയിലെത്തിക്കും. നാളെയാണ് ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും സംസ്‌കാരം. രാവിലെ 11 മണിമുതൽ രണ്ടുമണിവരെ ഔദ്യോഗിക വസതിയിൽ പൊതുദർശനത്തിന് വയ്‌ക്കും. തുടർന്ന് ഡൽഹി ബ്രാർ സ്‌ക്വയറിലാണ് മരണാനന്തര ചടങ്ങുകൾ നടത്തുന്നത്. ബിപിൻ റാവത്തിന്റെ മരണത്തിൽ ഉത്തരാഖണ്ഡ് സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ മൃതദേഹം ഊട്ടി വെല്ലിംഗ്ടൺ മദ്രാസ് റെജിമെന്റ് സെന്ററിലെത്തിച്ചു. സൈനിക വാഹനങ്ങളിലാണ് മൃതദേഹം എത്തിച്ചത്.
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഉൾപ്പടെയുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. മരിച്ചവരുടെ ബന്ധുക്കളെ ഡൽഹിയിലെത്തിക്കും. ശാസ്ത്രീയ പരിശോധന നടത്തിയ ശേഷമാകും ബാക്കി പതിനൊന്ന് പേരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുക. കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട 14 യാത്രികരിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തടക്കം 13 പേരും മരിച്ചിരുന്നു. രക്ഷപ്പെട്ട ക്യാപ്ടൻ വരുൺ സിംഗ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.