
നമ്മൾ ഡാർക്ക്  അടിച്ചിരുന്നിട്ട്  യാതൊരുവിധ കാര്യവുമില്ല. കരഞ്ഞുകൊണ്ടിരുന്നാൽ ഒന്നും തന്നെ നടക്കില്ല.  അതുകൊണ്ട് 
വളരെ  പോസിറ്റീവായി ചിന്തിക്കുന്നു...
മലയാളിയുടെ ജീവിതത്തിലേക്ക് തുറന്നുവച്ച കണ്ണാടിയായ സിനിമ 'തമാശ"സമ്മാനിച്ച നടിയാണ് ചിന്നു ചാന്ദ്നി. വളരെ സ്വാഭാവികമായ അഭിനയത്തിലൂടെ കയ്യടി വാങ്ങിയ ചിന്നുവിനെ പിന്നെ സിനിമകളിൽ കണ്ടില്ല. ഒരിടവേളയ്ക്കുശേഷം 'ഭീമന്റെ വഴി" എന്ന ചിത്രത്തിലൂടെ വളരെ ശക്തമായ കഥാപാത്രമായി ചിന്നു തിരിച്ചെത്തുന്നു. ചിന്നുവിന്റെ വിശേഷങ്ങൾ.
'തമാശ" യ്ക്കുശേഷം ഒരു ഇടവേളയുണ്ടായല്ലോ?
'തമാശ" കഴിഞ്ഞു വന്ന പ്രോജക്ടുകൾ ചെയ്യണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു. എന്റെ ബോഡി ലാംഗ്വേജുള്ള ആളുകൾക്ക് മലയാള സിനിമയിൽ തരുന്ന റോളുകൾ എന്താണെന്നുള്ളത് ഉൗഹിക്കാൻ കഴിയുന്നതാണല്ലോ. അത് കൂടാതെ കൊവിഡ് കാരണം കുറേ പ്രൊജക്ടുകൾ നീണ്ടുപോയി. അതിനുശേഷം എല്ലാം കൊണ്ടും ശരിയായി വന്നത് തമാശയുടെ ഡയറക്ടർ അഷ്റഫ് ഹംസയുടെ തന്നെ 'ഭീമന്റെ വഴി" എന്ന സിനിമയാണ്.
ആദ്യ സിനിമ ബോഡി ഷെയ്മിംഗിനെതിരെയുള്ള ശക്തമായ സന്ദേശമായിരുന്നു. ഈ സിനിമയുടെ പ്രത്യേകത എന്താണ്?
ഈ  സിനിമയെ 'തമാശ" യുമായി താരതമ്യം ചെയ്യാനേ കഴിയില്ല, കാരണം ഇത് ഒരു കോമഡി എന്റർടെയ്ൻനർ ആണ്. ഒരേ സംവിധായകൻ എന്ന സാമ്യം മാത്രമേ ഈ സിനിമയ്ക്കുള്ളൂ. ഒരു വഴി തർക്കവും വഴി ഉണ്ടാക്കാനുള്ള ആളുകളുടെ പ്രയത്നവും രസകരമായി അവതരിപ്പിക്കുകയാണ് ഇൗ സിനിമയുടെ പ്രമേയം.
അഞ്ജു എന്ന ജൂഡോപരിശീലകയായ കഥാപാത്രമാകാൻ വേണ്ടി എന്തൊക്കെ മുൻകരുതലുകൾ ആണ് എടുത്തത്? ഇൗ കഥാപാത്രം ചെയ്യണമെന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണ്?
അഷ്റഫ് ഇക്ക ഈ സിനിമയിലേക്ക് വിളിച്ചപ്പോഴേ ഞാൻ ഒാക്കെ പറഞ്ഞു. അല്ലാതെ കൂടുതലായി ഒന്നും ചിന്തിച്ചില്ല. കാരണം തമാശ പോലുള്ള സിനിമ ഒരു അഭിനേത്രി എന്ന നിലയിൽ ജീവിതത്തിൽ ഒരുവട്ടം ലഭിക്കുന്നതാണ്. പത്തുവർഷം കഴിഞ്ഞാലും ഇത്തരം സിനിമകളോട് നമുക്കുള്ള ഇഷ്ടം കുറയില്ല. കൂടാതെ ചെമ്പൻ വിനോദ് ചേട്ടനാണ് ഈ കഥ എഴുതിയത്, ആഷിഖ് അബുവും റിമാ കല്ലിംഗലും ചേർന്നാണ് നിർമ്മാണം, നായകൻ കുഞ്ചാക്കോ ബോബൻ... പിന്നെ അതിൽ രണ്ടാമത് ചിന്തിക്കേണ്ട കാര്യമില്ല. ഇത്രയും പേർ ഒന്നിക്കുന്നതുകൊണ്ടു തന്നെ അത് വലിയൊരു പ്രൊജക്ടാകുമെന്ന് ഉറപ്പാണല്ലോ...
അഷ്റഫ് ഹംസ എന്ന സംവിധായകനെ കുറിച്ച്?
ഒരുപാട് ക്ഷമ ഉള്ള ഒരു വ്യക്തിയാണ്. അതോടൊപ്പം അദ്ദേഹത്തിന് എത്ര സമ്മർദ്ദമുണ്ടെങ്കിലും അഭിനേതാക്കളെ കംഫർട്ടബിളായി നിർത്താൻ എപ്പോഴും ശ്രദ്ധിക്കും. ഉദ്ദേശിക്കുന്ന റിസൽറ്റ് കിട്ടുന്നതുവരെ എത്ര റീടേക്ക് എടുക്കാനും മടി കാണിക്കാറില്ല. എന്താണ് വേണ്ടതെന്ന് കൃത്യമായി പറഞ്ഞുതരും. കൂൾ ആയി നമുക്ക് അഭിനയിക്കാം. ഷൂട്ടിംഗ് സെറ്റിലെ അന്തരീക്ഷവും ഒരു കുടുംബം പോലെയാണ്.

വീട്ടിൽ നിന്നുള്ള പിന്തുണ?
നല്ല രീതിയിലുള്ള പിന്തുണയുണ്ട്. കഴിഞ്ഞവർഷം അച്ഛൻ ഞങ്ങളെ വിട്ടുപോയി. അച്ഛൻ ചന്ദ്രശേഖരൻ നായർ ഉണ്ടായിരുന്ന സമയത്ത് സിനിമയിൽ അഭിനയിക്കുന്നതിൽ വലിയ പിന്തുണയായിരുന്നു. കോളേജിൽ  പഠിക്കുന്ന സമയത്ത് അത്രയധികം പ്രോത്സാഹിപ്പിച്ചിരുന്നില്ല. പക്ഷേ, ഇപ്പോൾ അമ്മ ചാന്ദ്നിയും അനിയത്തി ശ്രുതിയും ആണ് ഏറ്റവും കൂടുതൽ നിർദ്ദേശങ്ങൾ തരുന്നതും ഇൗ മേഖലയിലേക്ക്  ആവശ്യമായ പ്രോത്സാഹനം തരുന്നതുമെല്ലാം. 
പോസിറ്റീവായി ഇരിക്കുന്നത് എങ്ങനെയാണ്?
നമ്മൾ ഡാർക്ക് അടിച്ചിരുന്നിട്ട് യാതൊരുവിധ കാര്യവുമില്ല. കരഞ്ഞുകൊണ്ടിരുന്നാൽ ഒന്നും തന്നെ നടക്കില്ല. അതുകൊണ്ട് വളരെ പോസിറ്റീവായി ചിന്തിക്കുന്നു. അച്ഛന്റെ വിയോഗം വല്ലാതെ പ്രയാസപ്പെടുത്തിയിരുന്നു. എങ്കിലും നമുക്ക് ഒരു ജീവിതം അല്ലേയുള്ളൂ. അതിൽ പറ്റുന്നിടത്തോളം പോസിറ്റീവായും ഹാപ്പി ആയും ഇരിക്കാൻ ശ്രമിക്കുന്നു.
സിനിമയുടെ മറ്റേതെങ്കിലും മേഖലയിലേക്ക് പ്രതീക്ഷിക്കാമോ?
ഇപ്പോൾ എന്തായാലും ഇല്ല. കാരണം ഞാൻ ഇൗ മേഖല പഠിച്ചുവരുന്നതേയുള്ളൂ. പിന്നീട് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഒരു പ്രൊജക്ട്സംവിധാനം ചെയ്യണമെന്നുണ്ട്. പക്ഷേ കുറച്ചുവർഷങ്ങൾ ഇങ്ങനെ പോകട്ടെ. നമുക്ക് സിനിമയെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടും വ്യക്തതയും വന്നശേഷം ഉറപ്പായും സിനിമ  ചെയ്യണമെന്നാണ് ഇപ്പോൾ വിചാരിക്കുന്നത്.
സിനിമ കരിയർ തന്നെയെന്ന് ഉറപ്പിച്ചോ?
തത്കാലം അങ്ങനെതന്നെ പോകട്ടെയെന്ന് കരുതുന്നു. ആഗ്രഹം ഉണ്ട്. എന്നാലും ബാക്കി ഉള്ളവരും കൂടെ തീരുമാനിക്കണമല്ലോ. എന്തായാലും അത് കണ്ടറിയാം. ഞാൻ വളരെ പ്രതീക്ഷയോടെ തന്നെയാണ് കാത്തിരിക്കുന്നത്.
വിമർശനങ്ങളെ എങ്ങനെയാണ് സ്വീകരിക്കാറുള്ളത്?
ആൾക്കാർക്ക് വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പറയുന്നവർക്ക് പറയാം. പിന്നെ അത് എന്നെ ബാധിക്കുമ്പോൾ മാത്രം നോക്കിയാൽ മതിയല്ലോ. വിമർശിക്കാൻ വേണ്ടി മാത്രമാവരുത് വിമർശനങ്ങൾ. കൃത്യമായ വിമർശനങ്ങൾ നല്ലതാണ്. എനിക്കധികം വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടില്ല എന്നതാണ്  മറ്റൊരു സത്യം.
സോഷ്യൽ മീഡിയയിൽ ആക്ടീവാണല്ലോ?
കുറച്ചു മുമ്പ് വളരെ ആക്ടീവായിരുന്നു. പിന്നീട് അത് കുറഞ്ഞുവന്നിരുന്നു. ഇപ്പോൾ വീണ്ടും വളരെ ആക്ടീവായി വരുന്നുണ്ട്. എന്തെങ്കിലും എനിക്ക് ഇഷ്ടം തോന്നുന്ന കാര്യങ്ങളൊക്കെയാണ് ഇപ്പോൾ കൂടുതലും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്.