
ആഷസിലെ ആദ്യ ടെസ്റ്റിൽ ആസ്ട്രേലിയയ്ക്ക് വമ്പൻ ലീഡ്
ട്രാവിസ് ഹെഡിന് സെഞ്ച്വറി(112*),വാർണർക്കും (94)
ലബുഷേനും(74) അർദ്ധ സെഞ്ച്വറി
ബ്രിസ്ബേൻ : ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ തകർപ്പൻ ലീഡുനേടി ആതിഥേയരായ ആസ്ട്രേലിയ. ഒന്നാം ഇന്നിംഗ്സിൽ 147 റൺസിന് ആൾഔട്ടായ ഇംഗ്ളണ്ടിനെതിരെ രണ്ടാം ദിവസമായ ഇന്നലെ കളി നിറുത്തുമ്പോൾ 343/7 എന്ന സ്കോറിലെത്തിയിരിക്കുകയാണ് ആസ്ട്രേലിയ.196 റൺസിന്റെ ലീഡാണ് ഇപ്പോൾ കംഗാരുക്കൾക്കുള്ളത്.
സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുന്ന ട്രാവിസ് ഹെഡിന്റെയും(112*) ഓപ്പണർ ഡേവിഡ് വാർണറുടെയും (94) ലബുഷേന്റെയും (74) ബാറ്റിംഗ് മികവിലാണ് ഓസീസ് 343ലെത്തിയത്. ഓപ്പണർ മാർക്കസ് ഹാരീസിനെ(3) ആറാം ഓവറിൽത്തന്നെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ വാർണറും ലബുഷേനും കൂട്ടിച്ചേർത്ത 156 റൺസ് ആതിഥേയ ഇന്നിംഗ്സിന്റെ നട്ടെല്ലായി. 117 പന്തുകളിൽ ആറു ഫോറും രണ്ട് സിക്സുമടക്കം 74 റൺസടിച്ച ലബുഷേനെ ടീം സ്കോർ166ൽ വച്ച് പുറത്താക്കി ലീച്ചാണ് സഖ്യം പൊളിച്ചത്. തുടർന്ന് സ്മിത്ത് (12),വാർണർ,കാമറൂൺ ഗ്രീൻ (0)എന്നിവരെക്കൂടി ഇംഗ്ളീഷ് ബൗളർമാർ പുറത്താക്കിയതോടെ ഓസീസ് 195/5 എന്ന നിലയിലായി.
അവിടെ നിന്ന് ഏറെക്കുറെ ഒറ്റയാൻ പോരാട്ടത്തിലൂടെ ട്രാവിസ് ഹെഡ് 300 കടത്തുകയായിരുന്നു. അലക്സ് കാരെ(12), ക്യാപ്ടൻ പാറ്റ് കമ്മിൻസ് (12) എന്നിവരുടെ വിക്കറ്റുകളും ഇതിനിടയിൽ നഷ്ടമായി. നേരിട്ട 95 പന്തുകളിൽ 12 ഫോറും രണ്ട് സിക്സുമടിച്ച ഹെഡിന്റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 10 റൺസുമായി മിച്ചൽ സ്റ്റാർക്കാണ് കളിനിറുത്തുമ്പോൾ ഹെഡിന് കൂട്ട്.
ഇംഗ്ളണ്ടിനായി ഒല്ലീ റോബിൻസൺ മൂന്ന് വിക്കറ്റ് വീഴ്ത്തി.ക്രിസ് വോക്സ്,മാർക്ക് വുഡ്,ജാക്ക് ലീച്ച്,ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.