temple

എറണാകുളം ജില്ലയിലെ പറവൂരിന് അടുത്ത് ചേന്ദമംഗലത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രധാന ശിവ ക്ഷേത്രമാണ് ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം. പെരിയാറിന്റെ പടിഞ്ഞാറേക്കരയിൽ കിഴക്ക് ദർശനമായിട്ടാണ് ഈ ക്ഷേത്രം കാണപ്പെടുന്നത്. ത്രീമൂർത്തികളിൽ ഒന്നും സംഹാര മൂർത്തിയുമായ ശിവ ഭഗവാനാണ് ഇവിടത്തെ മുഖ്യ പ്രതിഷ്ഠ. സ്വയംഭൂപ്രതിഷ്ഠയുള്ള ക്ഷേത്രമാണിതെന്ന് കരുതപ്പെടുന്നു. പരശുരാമനാണ് പ്രതിഷ്ഠ നടത്തിയെതെന്ന വാദവുമുണ്ട്. കുടുംബ കലഹങ്ങൾക്ക് പരിഹാരമായി ക്ഷേത്ര ദർശനം നടത്താൻ ഇവിടെ നിരവധി ഭക്തരാണ് ദിവസവും എത്തിച്ചേരുന്നത്.

പ്രതിഷ്ഠ

ചതുരാകൃതിയിൽ രണ്ട് തട്ടുകളോടെ നിർമ്മിച്ചതാണ് ഇവിടത്തെ ശ്രീകോവിൽ. മൂന്ന് മുറികൾക്കുള്ളിലാണ് ഗർഭഗൃഹം പണിതിരിയ്ക്കുന്നത്. പ്രധാനമൂർത്തിയായ പരമശിവൻ ഏകദേശം നാലടി പൊക്കം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി നിലകൊള്ളുന്നു. ദക്ഷിണാമൂർത്തി, അഘോരമൂർത്തി, മഹാവിഷ്ണു, ബ്രഹ്മാവ് പഞ്ചമുഖശിവൻ, വടക്കുംനാഥൻ, ഗണപതി, ശാസ്താവ്, യക്ഷി എന്നീ ഉപദേവത പ്രതിഷ്ടകളും ക്ഷേത്രത്തിലുണ്ട്.

മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി അഷ്ടദിക്പാലകരെ ഇവിടെ ചിത്രരൂപത്തിൽ അതത് ദിക്കുകളിൽ ആവിഷ്കരിച്ചിട്ടുണ്ട്. ഇവിടെ സോപാനം വളരെ താഴ്ന്നതാണ്. വളരെ സൂക്ഷിച്ചുനോക്കിയാൽ മാത്രമേ അത് കാണാൻ കഴിയൂ. ഇരുവശത്തുനിന്നും കയറാവുന്ന വിധത്തിലാണ് സോപാനം പണിതിരിയ്ക്കുന്നത്. ശ്രീകോവിൽ ഓടിട്ടതാണ്.

കിഴക്കോട്ട് ദർശനമുള്ള ദക്ഷിണമൂർത്തി

സാധാരണയായി തെക്കോട്ട് ദർശനമായാണ് ദക്ഷിണാമൂർത്തിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. എന്നാൽ ഇവിടെ കിഴക്കോട്ടാണ് ദർശനം. ഭാരതത്തിൽ തന്ന അപൂർവ്വമായ ബ്രഹ്മ പ്രതിഷ്ഠയുള്ള ക്ഷേത്രം കൂടിയാണിത്. എന്നാൽ ഇത് ബ്രഹ്മ പ്രതിഷ്ഠ അല്ലാ എന്നും പഞ്ച മുഖത്തിലുള്ള ശിവനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും ഒരു വാദമുണ്ട്.

വിഗ്‌നേശ്വരന്റെ അനുമതിയോടെ അകത്തേക്ക്

ക്ഷേത്രത്തിന്റെ കവാടത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ആലിന്റെ ചുവട്ടിൽ മൂന്നു ഗണപതി വിഗ്രഹങ്ങൾ കാണാൻ സാധിക്കും. ക്ഷേത്രത്തിലെത്തുന്നവർ ആദ്യം ഇവിടെ എത്തി ഗണപതിയെ തൊഴുത് അനുമതി വാങ്ങിയാണ് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത്. മറ്റൊരു ക്ഷേത്രത്തിലും കാണുവാൻ കഴിയാത്ത വിധത്തിൽ ഇതിനടുത്തായി നാഗരാജ പ്രതിഷ്ഠ കാണാം.

ഐതിഹ്യം

ഈ ക്ഷേത്രത്തിന് രണ്ടായിരത്തോളം വർഷങ്ങളുടെ പഴക്കം ഉണ്ടെന്ന് കരുതപ്പെടുന്നു. പരശുരാമന്റെ ശിവ പ്രതിഷ്ഠകളിൽ ഒന്നാണിതെന്നും. അല്ല സ്വയംഭൂ പ്രതിഷ്ഠയാണിതെന്നും വാദമുണ്ട്. ഇതിൽ ഏറ്റവും പ്രബലമായത് സ്വയംഭൂ പ്രതിഷ്ഠ എന്ന വാദം തന്നെയാണ്. പുല്ലുചെത്താൻ വന്ന സ്ത്രീ ഇവിടെ കണ്ട ഒരു കല്ലിന്മേൽ തന്റെ അരിവാൾ ഉരച്ചപ്പോൾ അതിൽ നിന്ന് രക്തപ്രവാഹം ഉണ്ടായി എന്നും ആ വിവരമറിഞ്ഞെത്തിയ നാട്ടുപ്രമാണിമാർ അവിടെ ശിവസാനിദ്ധ്യം തിരിച്ചറിഞ്ഞ് ക്ഷേത്രം നിർമ്മിച്ചുവെന്നും കരുതപ്പെടുന്നു.

ചില പ്രത്യേകതകൾ

സാധാരണ ക്ഷേത്രങ്ങളിൽ പ്രധാന പ്രതിഷ്ഠയ്ക്ക് മുൻവശത്തുള്ള ഉപദേവതാപ്രതിഷ്ഠകളെല്ലാം പ്രധാന പ്രതിഷ്ഠയ്ക്ക് അഭിമുഖമായാണ് ഉണ്ടാകുക. എന്നാൽ ഇവിടെ, മുൻവശത്തുള്ള ശ്രീകോവിലുകളിൽ അഘോരമൂർത്തിയുടെയും ദക്ഷിണാമൂർത്തിയുടെയും ശ്രീകോവിലുകൾ മാത്രം കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുള്ളത്. അവയിൽത്തന്നെ ദക്ഷിണാമൂർത്തി പ്രതിഷ്ഠയുടെ ദർശനത്തിൽ വ്യത്യാസമുണ്ട്. സാധാരണ ക്ഷേത്രങ്ങളിൽ പ്രധാന ശ്രീകോവിലിൽത്തന്നെ തെക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിട്ടുള്ള ദക്ഷിണാമൂർത്തിയെ ഇവിടെ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. മറ്റൊന്ന് മഹാവിഷ്ണുവിന്റെയും ബ്രഹ്മാവിന്റെയും സാന്നിദ്ധ്യമാണ്. മഹാവിഷ്ണു പ്രതിഷ്ഠ പൊതുവെ സാധാരണമാണെങ്കിലും ബ്രഹ്മ പ്രതിഷ്ഠ ഭാരതത്തിൽത്തന്നെ അപൂർവ്വമാണ്. ബ്രഹ്മാവിനെ പൂജിയ്ക്കാത്തതിന് പല കാരണങ്ങളും പുരാണങ്ങളിൽ പറഞ്ഞുവരുന്നുണ്ട്.

ഏങ്ങനെ എത്തിച്ചേരാം

എറണാകുളം ഗുരുവായൂർ റൂട്ടിൽ പറവൂരിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ വടക്കുമാറിയാണ് ചേന്ദമംഗലം സ്ഥിതി ചെയ്യുന്നത്. ചേന്ദമംഗലത്തു നിന്നും കുറച്ചു ദൂരം മുന്നോട്ട് സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം.