
കൂത്തുപ്പറമ്പ്: ദൈവത്തിന്റെ സ്വന്തം നാട്ടിൽ കാണാൻ കാഴ്ചകൾ ഏറെയാണ്. പച്ചപ്പും കായൽ സൗന്ദര്യവും കടൽകാറ്റും നാടൻ ഭക്ഷണവുമൊക്കെ മലയാളികൾക്ക് മാത്രമല്ല മറിച്ച് വിദേശികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. സഞ്ചാരപ്രിയരുടെ ഇഷ്ടനാടായ കേരളത്തിൽ മറ്റൊരു ആകർഷണമായി ഒഴുകി നടക്കുന്ന വീട് ഒരുക്കി വിസ്മയം തീർക്കുകയാണ് വേങ്ങാട് ഗംഗോത്രിയിൽ ജയരാജൻ കൂർമ. കണ്ണൂർ ജില്ലയിലെ വേങ്ങാട് കാവുംപള്ളയിലെ കരിങ്കൽ ക്വാറിയിലാണ് ജലകന്യകയെന്ന് പേര് നൽകിയിരിക്കുന്ന ഒഴുകുന്ന വീട് കാണപ്പെടുന്നത്. പ്രകൃതി രമണീയതയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ വീട് സഞ്ചാരികളെ ആകർഷിക്കുമെന്നുറപ്പാണ്.
2019 മുതൽ ജയരാജൻ കൂർമ ക്വാറിയിൽ ശുദ്ധജല മത്സ്യകൃഷി നടത്തിവരികയാണ്. കൂട് നിർമിച്ചാണ് മത്സ്യകൃഷി ചെയ്യുന്നത്. മത്സ്യകൃഷിയിൽ ടൂറിസം സാദ്ധ്യത കൂടി ഉൾപ്പെടുത്താമെന്ന ആശയം ഉദിച്ചതോടെ ഒഴുകുന്ന വീട് യാഥാർത്ഥ്യമാവുകയായിരുന്നു. മത്സ്യകൃഷിക്കായുള്ള കൂട്ടിൽ ബാരലുകൾ ഘടിപ്പിച്ചാണ് ഇത്തരത്തിൽ വീട് നിർമിച്ചത്. ഇതിനായി പന്ത്രണ്ട് ബാരലുകളാണ് ഘടിപ്പിച്ചത്. സുഹൃത്തുക്കളുടെ കൂടി സഹായത്തോടെ നിർമിച്ച വീടിന്റെ ചെലവ് ഒന്നരലക്ഷത്തോളം രൂപയാണ്.
അഞ്ച് കൂടുകളിലായി തിലോപ്പിയ മത്സ്യകൃഷിയും ഒഴുകുന്ന വീട്ടിലുണ്ട്. മൂവായിരം മത്സ്യകുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് സൗജന്യമായി ജയരാജന് നൽകുകയായിരുന്നു. ഒഴുകുന്ന വീട്ടിൽ എത്തുന്നവർക്ക് ആവശ്യമെങ്കിൽ മീൻ പിടിച്ച് പാകം ചെയ്ത് കഴിക്കുന്നതിനും അൽപ്പനേരം വിശ്രമിക്കുന്നതിനും ഒഴുകുന്ന വീട്ടിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ അനുമതി ലഭിക്കുകയാണെങ്കിൽ ഇത്തരത്തിൽ കൂടുതൽ വീടും നിർമിക്കാനും ജയരാജൻ പദ്ധതിയിടുന്നു.