
ന്യൂഡൽഹി: സൈനിക മേധാവി ബിപിൻ റാവത്ത് അടക്കം മരിക്കാനിടയായ ഹെലികോപ്‌ടർ അപകടത്തിൽ വീണ്ടെടുത്ത മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത അവസ്ഥയിലെന്ന് റിപ്പോർട്ട്. അപകടത്തിന്റെ തീവ്രത ഏറെ ഭീകരമാണെന്ന് വ്യോമസേനാവൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു.
ബിപിൻ റാവത്ത്, റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ എന്നിവർ ഉൾപ്പെടെ നാലുപേരുടെ മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിയാൻ സാധിച്ചതെന്ന് അധികൃതർ അറിയിച്ചു. മറ്റുള്ളവരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിയാൻ സാദ്ധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
മരിച്ചവരുടെ അടുത്തബന്ധുക്കൾ ഡൽഹിയിലേക്ക് എത്തുന്നുണ്ട്. ഇവരാണ് മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിയുക. ശാസ്ത്രീയമാർഗങ്ങൾക്കു പുറമേയാണ് അടുത്തബന്ധുക്കളുടെ സഹായം തേടുന്നത്. അപകടസ്ഥലത്തുനിന്ന് മൃതദേഹങ്ങൾ സൂലൂരിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് വ്യോമസേനാ വിമാനത്തിലാണ് ഡൽഹിയിലേക്ക് എത്തിക്കുക.
റാവത്തിന്റെ ഭാര്യ മധുലിക, ഡിഫൻസ് അസിസ്റ്റന്റ്, വ്യോമസേനാ ഉദ്യോഗസ്ഥർ ഉൾപ്പെടെ കോപ്റ്ററിലുണ്ടായിരുന്ന 14 പേരിൽ 13 പേർക്കും ജീവൻ നഷ്ടമായിരുന്നു. കട്ടേരി ഫാമിനു സമീപം മലനിരകൾക്കു മുകളിൽ മരത്തിലിടിച്ചു വിമാനം തകർന്നതാണ് അപകടത്തിന് കാരണം. അതീവസുരക്ഷാ സങ്കേതികവിദ്യകളുള്ള എം.ഐ 17 വി 5 കോപ്റ്ററിനുണ്ടായ അപകടത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് സേനകളുടെയും പ്രതിനിധികൾ ചേർന്ന സമിതിയും അന്വേഷണം നടത്തുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.