
ചെന്നൈ: മദ്രാസിലെ മലയാളികൾ സ്‌നേഹത്തോടെ 'എ.കെ.ജി" എന്ന് വിളിച്ചിരുന്ന ആറ്റുകടവിൽ കൃഷ്‌ണൻ ഗോപാലന്റെ ജന്മശതാബ്ദി വർഷത്തോട് അനുബന്ധിച്ച്, ജലദാമ്പേട്ടിലെ എ.കെ.ജി പബ്ളിക് സ്‌കൂളിൽ അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നു.
അദ്ദേഹത്തിന്റെ സ്മൃതിദിവസമായ ഇന്ന് രാവിലെ 11.30ന് സീനിയർ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എ.പി. കുഞ്ഞിക്കണ്ണൻ പ്രതിമ അനാച്ഛാദനം നിർവഹിക്കും. തുടർന്ന് അനുസ്മരണയോഗം നടക്കും. ചെന്നൈയിൽ കുമാരനാശാന്റെ പേരിലുള്ള ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ സ്ഥാപക ജനറൽ സെക്രട്ടറിയും ചെയർമാനുമായിരുന്നു കുട്ടനാട്ടുകാരൻ എ.കെ.ജി. സിവിൽ കൺസ്‌ട്രക്‌ഷൻ രംഗത്ത് ശ്രദ്ധേയനായിരുന്ന എ.കെ.ജി, മലയാളി അസോസിയേഷനുകളുടെ തേരാളിയുമായിരുന്നു.
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എന്നും മുറുകെപ്പിടിച്ച അദ്ദേഹമാണ് മദ്രാസിലെ ആദ്യ സി.ബി.എസ്.ഇ സ്‌കൂൾ സ്ഥാപിച്ചത്. രാജ്യത്ത് സ്വകാര്യമേഖലയിൽ ആദ്യ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ഇൻസ്‌റ്റിറ്റ്യൂട്ടിന് തുടക്കമിട്ടതും അദ്ദേഹമാണ്. എൻജിനിയറിംഗ്, ഡെന്റൽ കോഴ്‌സുകൾ തുടങ്ങിയവയ്ക്കും അദ്ദേഹം മുൻതൂക്കം നൽകി.
മലയാള കവിതകൾക്ക് നൽകുന്ന ഏറ്റവും മികച്ച പുരസ്‌കാരങ്ങളിലൊന്നായ 'ആശാൻ സ്മാരക കവിതാ പുരസ്‌കാരം" ഏർപ്പെടുത്തുന്നതിന് പിന്നിൽ പ്രവർത്തിച്ചതും അദ്ദേഹമാണ്.