
ന്യൂഡൽഹി : ബിപിൻ റാവത്ത് രാജ്യസുരക്ഷയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ചപ്പോൾ സാമൂഹ്യ സേവനത്തിനായി മാറ്റിവച്ചതായിരുന്നു ഭാര്യ മധുലികയുടെ ജീവിതം. സൈനികരുടെ ഭാര്യമാർക്ക് പിന്തുണയേകാൻ മധുലിക എന്നും മുന്നിലുണ്ടായിരുന്നു. സൈനികരുടെ വിധവകളുടെയും മക്കളുടെയും ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾക്കും മധുലിക നേതൃത്വം നൽകി. കരസേനാ ഉദ്യോഗസ്ഥരുടെ ഭാര്യമാരെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിന്റെ ഭാഗമായി വിവിധ കോഴ്സുകൾക്ക് പുറമേ ബാഗ്, കേക്ക്, ചോക്ലേറ്റ് തുടങ്ങിയവയുടെ നിർമ്മാണമടക്കമുള്ള പദ്ധതികൾക്കും മധുലിക പ്രോത്സാഹനമേകി.
ഇന്ത്യയിലെ ഏറ്റവും വലിയ എൻ.ജി.ഒകളിലൊന്നായ ആർമി വൈഫ്സ് വെൽഫെയർ അസോസിയേഷന്റെ പ്രസിഡന്റായി മധുലിക നടത്തി വന്ന പ്രവർത്തങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. മദ്ധ്യപ്രദേശിലെ ഷാഹ്ദോൾ സോഹഗ്പ്പുർ രാജകുടുംബാംഗമായ മധുലിക അന്തരിച്ച കോൺഗ്രസ് നേതാവ് മൃഗേന്ദ്ര സിംഗിന്റെ മകളാണ്.
ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ ബിരുദം നേടിയ മധുലിക ഭിന്നശേഷിക്കാരായ കുട്ടികളുടെയും കാൻസർ രോഗികളുടെയും ഉൾപ്പെടെ മറ്റ് ക്ഷേമ പ്രവർത്തനങ്ങളിലും ക്യാമ്പെയിനുകളിലും സജീവമായിരുന്നു. രണ്ട് പെൺമക്കളാണ് ബിപിൻ റാവത്ത് - മധുലിക ദമ്പതികൾക്ക്. കൃതികയും തരിണിയും. വിവാഹിതയായ കൃതിക മുംബയിലാണ് താമസം. തരിണി ഡൽഹി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു.