
ന്യൂഡൽഹി : സൈനിക ഹെലികോപ്ടർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റി. വെല്ലിംഗ്‌ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമായതോടെയാണ് ബംഗളൂരുവിലെ കമാന്‍ഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയതെന്നാണ് റിപ്പോർട്ട്. വെല്ലിംഗ്ടണിലെ ആശുപത്രിയില്‍നിന്ന് സൂലൂരിലെ വ്യോമതാവളത്തിലെത്തിച്ച വരുണ്‍ സിംഗിനെ വിമാനമാര്‍ഗമാണ് ബംഗളൂരുവിലെത്തിച്ചത്.
അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനുളള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് രാവിലെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. വരുണ്‍ സിംഗിന്റെ പിതാവ് റിട്ട. കേണല്‍ കെ.പി. സിംഗ് ഇന്ന് വെല്ലിംഗ്‌ടണിലെത്തിയിരുന്നു.
അതേസമയം, ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെയുള്ള 13 പേരുടെയും മൃതദേഹങ്ങളുമായി AN32 എന്ന പ്രത്യേക വ്യോമസേനാ വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു. വൈകിട്ട് 7.50നാണ് മൃതദേഹങ്ങൾ ഡൽഹിയിലെത്തിക്കുക. നാല് മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. മറ്റുള്ളവരെ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന നടത്തും. ഇതിന് ശേഷമേ ബന്ധുക്കൾക്ക് വിട്ടു നൽകൂ.