virat-kohli

മുംബയ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പരാജയത്തിനു ശേഷം അന്നത്തെ ക്യാപ്ടനായിരുന്ന വിരാട് കൊഹ്‌ലി ടി ട്വന്റി - ഏകദിന ടീമുകളുടെ ക്യാപ്ടൻസി സ്വമേധയാ ഒഴിഞ്ഞുവെന്നായിരുന്നു പുറത്തു വന്ന വാർത്തകൾ. എന്നാൽ ടി ട്വന്റി ടീമിന്റെ നായകസ്ഥാനം ഒഴിയാൻ മാത്രമായിരുന്നു കൊഹ്‌ലിക്ക് താത്പര്യമെന്നും ഏകദിന ടീം ക്യാപ്ടൻസിയിൽ നിന്ന് കൊഹ്‌ലിയെ ഒഴിവാക്കിയത് സെലക്ടർമാരുടെ തീരുമാനമായിരുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. സീനിയർ സെലക്ഷൻ കമ്മിറ്റിയിൽ അംഗങ്ങളായ ചിലരെ ഉദ്ദരിച്ച് ദേശീയ വാർത്താ ചാനലായ എൻ ഡി ടി വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കൊഹ്‌ലിയെ ഏകദിന ക്യാപ്ടൻ സ്ഥാനത്ത് നിന്ന് നീക്കുന്നതിനെകുറിച്ച് ബി സി സി ഐ അധികൃതർക്ക് പോലും അറിയില്ലായിരുന്നുവെന്ന് സെലക്ടർ പറ‌ഞ്ഞു. സെലക്ഷൻ കമ്മിറ്റിയിൽ എടുത്ത തീരുമാനം ബി സി സി ഐയേയും കൊഹ്‌ലിയേയും അറിയിക്കുകയായിരുന്നുവെന്നും ഇരു കൂട്ടർക്കും ഇതിനെകുറിച്ച് അറിവുകളൊന്നും ഇല്ലായിരുന്നുവെന്നും സെലക്ടർ പറഞ്ഞു.

ഏകദേശം ഒരേ ഫോർമാറ്റിൽ കളിക്കുന്ന ഏകദിനങ്ങളിലും ടി ട്വന്റികളിലും രണ്ട് ക്യാപ്ടന്മാർ ആവശ്യമില്ലെന്ന് തോന്നിയതിനാലാണ് സെലക്ടർമാർ കൊഹ്‌ലിക്ക് പകരം ടി ട്വന്റി ക്യാപ്ടനായ രോഹിത് ശർമ്മയെ ഏകദിന ടീമിന്റെ കൂടി ക്യാപ്ടനായി നിയമിച്ചത്. ടെസ്റ്റിൽ കൊഹ്‌ലി ക്യാപ്ടനായി തുടരും. രോഹിത് ആയിരിക്കും വൈസ് ക്യാപ്ടൻ.