katrina-vicky

മുംബയ്: പരമ രഹസ്യമായാണ് കത്രീന കൈഫ് - വിക്കി കൗശൽ ദമ്പതികളുടെ വിവാഹ ചടങ്ങുകൾ നടന്നത്. ജയ്പൂരിലെ ഒരു സ്വകാര്യ കൊട്ടാരത്തിൽ നടന്ന വിവാഹചടങ്ങുകൾക്ക് പ്രത്യേകം ക്ഷണിച്ച അതിഥികളെ മാത്രമാണ് കർശന നിബന്ധനകളോടെ പ്രവേശിപ്പിച്ചത്. വിവാഹവേദിയെ കുറിച്ചോ ചടങ്ങുകളെകുറിച്ചോ ഉള്ള ഒരു വിവരവും പുറത്തുവിട്ടിരുന്നില്ല.

അതേസമയം രാജ്യത്തെ ഒരു പ്രമുഖ ഒ ടി ടി പ്ളാറ്റ‌്ഫോം നവദമ്പതികൾക്ക് അവരുടെ വിവാഹ വീഡിയോ ഓൺലൈൻ ആയി റിലീസ് ചെയ്യാൻ സാധിക്കുമോ എന്ന് ചോദിച്ചിരിക്കുകയാണ്. 100 കോടി രൂപയാണ് ഓൺലൈൻ സ്ട്രീമിംഗ് ചാനൽ കത്രീനയ്ക്കും വിക്കിക്കും വിവാഹ വീഡിയോ ഓൺലൈൻ റിലീസ് ചെയ്യുന്നതിന് വേണ്ടി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്ന് ദമ്പതികളുമായി അടുത്ത വൃത്തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ വിവാഹചടങ്ങുകൾ പോലെ തങ്ങളുടെ പ്രണയ ജീവിതവും അതീവ രഹസ്യമായി സൂക്ഷിച്ച കത്രീന - വിക്കി ദമ്പതികൾ ഓൺലൈൻ പ്ളാറ്റ്ഫോമിന്റെ വാഗ്ദാനത്തോട് അനുകൂലമായല്ല പ്രതികരിച്ചിരിക്കുന്നത്. നവദമ്പതികളുടെ തീരുമാനത്തിന് ഭാവിയിൽ മാറ്റം വന്നുകൂടായ്കയില്ലെന്നും ഇവരുടെ ഒരു കുടുംബസുഹൃത്ത് അറിയിച്ചു.

വിദേശ രാജ്യങ്ങളിൽ സെലിബ്രിറ്റികളുടെ വിവാഹ വീഡിയോകൾ വൻ തുക നൽകി ഒ ടി ടി പ്ളാറ്റ്‌ഫോമുകൾ വാങ്ങാറുണ്ട്. എന്നാൽ ഇന്ത്യയിൽ അത്തരം രീതി ഇതുവരെ പ്രചാരത്തിൽ വന്നിട്ടില്ല. രഹസ്യ സ്വഭാവം കൊണ്ട് തന്നെ ഏറെ വാർത്താ പ്രാധാന്യം ലഭിച്ച കത്രീന - വിക്കി വിവാഹത്തിലൂടെ ഇന്ത്യയിലും അത്തരമൊരു രീതിക്ക് തുടക്കം കുറിക്കാനാണ് ഒ ടി ടി സൈറ്റുകളുടെ ശ്രമം എന്നാണ് ലഭിക്കുന്ന വിവരം.