ghghgh

ലണ്ടൻ: പ്രശസ്ത സൗദി മാദ്ധ്യമ പ്രവർത്തകനും വാഷിംഗ്ടൺ പോസ്റ്റിന്റെ കോളമിസ്റ്റുമായിരുന്ന ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്ത സൗദി പൗരനെ വിട്ടയച്ചു. 33കാരനായ ഖാലിദ് ആഇദ് അൽ ഉതൈബിയാണ് റിയാദിലേക്ക് വിമാനം കയറുന്നതിനിടെ ചാൾസ് ഡി ഗോൾ വിമാനത്താവളത്തിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ആളുമാറിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഫ്രഞ്ച് പൊലീസ് അറിയിച്ചു. ഖഷോഗി വധക്കേസിൽ തുർക്കി അന്വേഷിക്കുന്ന 26 പേരിലൊരാളാണ് ഖാലിദ് ആഇദ് അൽ ഉതൈബി. പേരിലുള്ള സാമ്യമാണ് മറ്റൊരു സൗദി പൗരന്റെ അറസ്റ്റിൽ കലാശിച്ചത്.

2018 ഒക്‌ടോബറിൽ തുർക്കിയിലെ ഇസ്താംബൂളിലുള്ള സൗദി കോൺസുലേറ്റിലാണ് സൗദി ഭരണകൂടത്തിന്റെ കടുത്ത വിമർശകനായിരുന്ന ഖഷോഗി കൊല്ലപ്പെട്ടത്. സംഭവത്തിൽ എട്ടുപേരെ 2019ൽ സൗദി കോടതി ശിക്ഷിച്ചിരുന്നു.