bipin-rawat

ന്യൂഡൽഹി: ഹെലികോപ്ടർ അപകടത്തിൽ മരണമടഞ്ഞ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ ഭൗതിക ശരീരം ന്യൂ‌ഡൽഹിയിൽ എത്തിച്ചു. രാത്രി ഏഴു നാൽപ്പത്തഞ്ചോടെയാണ് ബിപിൻ റാവത്തിന്റെയും ഭാര്യയുടേയും മറ്റ് 11 പേരുടെയും ഭൗതികശരീരങ്ങൾ ന്യൂഡൽഹിയിലെ പാലം വിമാനത്താവളത്തിൽ എത്തിച്ചത്.

വൈകുന്നേരം 4 മണിയോടെ മൃതദേഹം എത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം നീണ്ടുപോകുകയായിരുന്നു. സി 139 ജെ വിമാനത്തിലാണ് കോയമ്പത്തൂരിലെ സുലൂർ വ്യോമതാവളത്തിൽ നിന്നും ന്യൂഡൽഹിയിൽ ഭൗതികശരീരം എത്തിച്ചത്. ഭൗതികശരീരങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ എന്നിവർ എത്തും.

നാളെ രാവിലെ 11 മുതൽ 12 മണി വരെ ജനറൽ ബിപിൻ റാവത്തിന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. ഈയവസരത്തിൽ പൊതുജനങ്ങൾക്കും അന്തിമോപചാരം അർപ്പിക്കാൻ അവസരമുണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് സംസ്കാരം നടത്തും.

നാല് മ‌ൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. മറ്റുള്ളവരെ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന നടത്തും. ഇതിന് ശേഷമേ ബന്ധുക്കൾക്ക് വിട്ടു നൽകൂ. മരിച്ചവരുടെ ബന്ധുക്കളെ ഡൽഹിയിലെത്തിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അതേസമയം, അപകടത്തിൽ രക്ഷപ്പെട്ട വരുൺ സിംഗിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്‌ക്കായി ബംഗളൂരൂവിലെ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.