gfgfgf

ന്യൂയോർക്ക് : അമേരിക്കയുടെ സൈനിക,​ നയതന്ത്ര, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരിൽ മാത്രം കണ്ടു വരുന്ന ഹവാന സിൻഡ്രോം എന്ന അജ്ഞാത രോഗം മുൻ പ്രസിഡന്റ് ജോർജ്ജ് ബുഷിനേയും ഭാര്യ ലോറയേയും പിടികൂടിയിരിക്കാനുള്ള സാദ്ധ്യതയേറെയെന്ന് റിപ്പോർട്ട്.

2007ൽ ജർമ്മനിയിൽ നടന്ന ജി 8 ഉച്ചകോടിക്കിടെ അന്നത്തെ യു.എസ് പ്രസിഡന്റായിരുന്ന ജോർജ്ജ് .ഡബ്ല്യു. ബുഷിനും പത്നി ലോറയ്ക്കും തലകറക്കം ഉൾപ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായും ഇവരുടെ സഹായികളിൽ ചിലർക്ക് കേൾവി തകരാറുകൾ അനുഭവപ്പെട്ടിരുന്നെന്നും ഇത് ഹവാന സിൻഡ്രോമാകാൻ ഇടയുള്ളതായും ഒരു അമേരിക്കൻ മാദ്ധ്യമം പുറത്തുവിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.


ലോറ ബുഷ് 2010ൽ പുറത്തിറക്കിയ ' സ്പോക്കൺ ഫ്രം ദി ഹാർട്ട് " എന്ന ഓർമ്മക്കുറിപ്പിൽ

സഹായികളിലൊരാൾക്ക് നടക്കാൻ ബുദ്ധിമുട്ട് നേരിട്ടെന്നും ഒരു വൈറ്റ് ഹൗസ് ജീവനക്കാരന്റെ ചെവിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടെന്നും പരാമർശിക്കുന്നുണ്ട്. ഇതിനെ ഉദ്ധരിച്ചാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

ഉച്ചകോടിക്കിടെ, ജോർജ്ജ് ബുഷിന് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ആയിരുന്ന നിക്കോളാസ് സർക്കോസിയെ അഭിവാദ്യം ചെയ്യാൻ എഴുന്നേൽക്കാൻ പോലുമാകാത്ത തരത്തിൽ ശാരീരിക അസ്വസ്ഥത നേരിട്ടിരുന്നതായി ലോറ പുസ്തകത്തിൽ സൂചിപ്പിക്കുന്നു.

ലോറയുടെ പരാമർശങ്ങളും ഹവാന സിൻഡ്രോമിന്റെ ലക്ഷണങ്ങളും ഒത്തുനോക്കുമ്പോൾ പ്രസിഡന്റിനും ഭാര്യയ്ക്കും ജീവനക്കാർക്കും ഹവാന സിൻഡ്രോം ബാധിച്ചിരുന്നിരിക്കാം എന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം, ബുഷിന് ഹവാന സിൻഡ്രോം ബാധിച്ചിരിക്കാമെന്ന റിപ്പോർട്ടുകളെ കുറിച്ച് തനിക്ക് അറിയില്ലെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി കരൈൻ ജീൻ പിയറി പറഞ്ഞു.

ഇതുവരെ യു.എസിന്റെ 200 ലേറെ നയതന്ത്ര, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും ചാരൻമാരെയും സൈനികരേയുമാണ് ഹവാന സിൻഡ്രോം ബാധിച്ചിട്ടുള്ളത്. ഈ വർഷം,​ കൊളംബിയയിലെയും ജർമ്മനിയിലെയും വിയറ്റ്നാമിലെയും യു.എസ് എംബസി ഉദ്യോഗസ്ഥരിലും ഇന്ത്യയിലെത്തിയ സി.ഐ.എ ഓഫീസർക്കും ഹവാന സിൻഡ്രോം സ്ഥിരീകരിച്ചിരുന്നു.

 ഹവാന സിൻഡ്രോം

 2016 - 2017 കാലയളവിൽ ക്യൂബയുടെ തലസ്ഥാന നഗരമായ ഹവാനയിലെ യു.എസ് എംബസി ഉദ്യോഗസ്ഥർക്കിടയിൽ കണ്ടെത്തിയ അജ്ഞാത രോഗം

 ലക്ഷണങ്ങൾ

 കേൾവി തകരാർ, തലകറക്കം, ശരീരത്തിലെ സന്തുലനാവസ്ഥ നഷ്‌ടമാവുക, ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ നാഡീ സംബന്ധമായ ലക്ഷണങ്ങൾ

 കാരണങ്ങൾ

ഹവാന സിൻഡ്രോമിന്റെ കാരണങ്ങളായി നിരവധി സിദ്ധാന്തങ്ങൾ നിരത്തപ്പെടുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

 രാത്രികളിൽ അനുഭവപ്പെട്ട അസാധാരണമായ റേഡിയോ ഫ്രീക്വൻസി തരംഗങ്ങൾ, രാസായുധ പ്രയോഗം, പകർച്ചവ്യാധി തുടങ്ങിയവയും സംശയനിഴലിൽ.

 റഷ്യയോ ചൈനയോ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് നേരെ ദുരൂഹ ആക്രമണങ്ങൾ നടത്തുകയാണോയെന്നും യു.എസ് സംശയിക്കുന്നുണ്ട്.