bird-flu

ആലപ്പുഴ: കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തീരുമാനം. രോഗം ആദ്യം കണ്ടെത്തിയ തകഴി പഞ്ചായത്തിലെ താറാവുകളെയാണ് കൊന്നൊടുക്കുന്നത്. ഭോപാലിൽ നിന്നുള്ള പരിശോധനാ ഫലം ലഭിക്കാൻ വൈകിയതിനെ തുടർന്ന് ആലപ്പുഴയിൽ പക്ഷിപ്പനി വൻതോതിൽ വ്യാപിച്ചിട്ടുണ്ടെന്ന് ആശങ്കയുണ്ട്. തകഴി, പുറക്കാട് പഞ്ചായത്തുകളിൽ ഇതിനോടകം തന്നെ ആയിരക്കണക്കിന് താറാവുകൾ പക്ഷിപ്പനി പിടിപ്പെട്ട് ചത്തുകഴിഞ്ഞു.

ആഴ്ചകൾക്ക് മുമ്പ് തന്നെ ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചാകാൻ ആരംഭിച്ചിരുന്നു. എന്നാൽ ഇതിന് പിന്നിൽ പക്ഷിപ്പനിക്ക് കാരണമാകുന്ന എച്ച് 5 എൻ 1 വൈറസാണെന്ന് വളരെ വൈകിയാണ് സ്ഥിരീകരിച്ചത്. നെടുമു‌ടി പഞ്ചായത്തിൽ മാത്രം എണ്ണായിരത്തോളം താറാവുകൾ ഇതിനോടകം ചത്തു കഴിഞ്ഞെന്നാണ് സ്ഥിരീകരിക്കാത്ത കണക്കുകൾ.

ഇന്ന് കളക്ടറേറ്റിൽ വിളിച്ചുചേർത്ത അടിയന്തര യോഗത്തിൽ താറാവുകളെ കൊല്ലുന്നതിന് പത്തംഗ ടീമിനെ നിയോഗിച്ചു. ആലപ്പുഴയിലെ പതിനൊന്ന് പഞ്ചായത്തുകളിൽ താറാവുകളടക്കമുള്ള വളർത്ത് പക്ഷികളെ കൈമാറുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.