gokulam

കൊൽക്കത്ത: രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം കൊൽക്കത്ത ക്ളബായ യുണൈറ്റഡ് സ്പോർട്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് നിലവിലെ ഐ ലീഗ് ജേതാക്കളായ ഗോകുലം കേരള ഐ എഫ് എ ഷീൽഡിന്റെ സെമിഫൈനലിൽ പ്രവേശിച്ചു.

മത്സരത്തിന്റെ ആദ്യ പതിനഞ്ച് മിനിട്ടിനുള്ളിൽ തന്നെ യുണൈറ്റഡ് സ്പോർട്സ് ഗോകുലത്തിന്റെ പോസ്റ്റിൽ രണ്ട് ഗോൾ അടിച്ചിരുന്നു. താൻമൊയും ഡേവിസുമാണ് യുണൈറ്റഡ് എസ് സിക്ക് വേണ്ടി ഗോളുകൾ നേടിയത്. എന്നാൽ റൊണാൾഡ്‌ സിംഗിന്റെയും ക്യാപ്റ്റൻ ജിതിൻ എം എസിന്റെയും ഗോളുകളിലൂടെ സമനില പിടിച്ച മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി. മത്സരത്തിന്റെ അധിക സമയത്തും ഇരു ടീമുകളും ഈരണ്ട് ഗോളുകൾ അടിച്ച് സമനില പാലിച്ചതോടെയാണ് പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് കടന്നത്.

ഷൂട്ടൗട്ടിൽ ഗോകുലത്തിനു വേണ്ടി റഹീം, ബൗബ, ഉവൈസ്, ജാസിം, ഗിഫ്റ്റി എന്നിവർ ഗോൾ നേടിയപ്പോൾ സൗരവും, താഹിർ സമാനും പെനാൽറ്റി നഷ്ടപ്പെടുത്തി. ഗോകുലം ഗോൾ കീപ്പർ രക്ഷിത് ദാഗർ രണ്ടു സേവ് നടത്തുകയും ചെയ്‌തു. ഡിസംബർ 12ന് നടക്കുന്ന സെമിഫൈനലിൽ ഗോകുലം റിയൽ കാശ്മീരിനെ നേരിടും.