kohli-rohit

മുംബയ്: വിരാട് കൊഹ്‌ലിക്ക് കീഴിലെ ഇന്ത്യൻ ടീമിന് ഉണ്ടായിരുന്ന ഏറ്റവും വലിയ പേരുദോഷം ഐ സി സി ടൂർണമെന്റുകളിൽ മോശം പ്രകടനം കാഴ്ചവയ്ക്കുന്നെന്നായിരുന്നു. മഹേന്ദ്ര സിംഗ് ധോണിക്ക് കീഴിൽ ടി ട്വന്റി ലോകകപ്പും ഐ സി സി ലോകകപ്പും സ്വന്തമാക്കിയ ഇന്ത്യയ്ക്ക് പക്ഷേ കൊഹ്ലിയുടെ കീഴിൽ അതേ പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.

മത്സരങ്ങളിൽ മികച്ച തുടക്കം ലഭിക്കാത്തതാണ് ഐ സി സി ടൂർണമെന്റുകളിൽ ഇന്ത്യ പിന്നിലേക്ക് പോകാൻ കാരണമെന്ന് കണ്ടെത്തിയിരിക്കുകയാണ് നിലവിലെ ഏകദിന - ടി ട്വന്റി ക്യാപ്ടൻ രോഹിത് ശർമ്മ. ഒരു സ്വകാര്യ ടെലിവിഷൻ ഷോയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു രോഹിത് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ചാമ്പ്യന്‍സ് ട്രോഫി, ഐ സി സി ലോകകപ്പ്, ടി20 ലോകകപ്പ് എന്നീ ടൂർണമെന്റുകളിലെല്ലാം ആരംഭത്തിൽ നേരിട്ട പതർച്ചയിൽ നിന്ന് ടീമിന് കരകയറാൻ സാധിക്കാത്തതാണ് തിരിച്ചടിയായതെന്ന് രോഹിത് പറഞ്ഞു. ഇന്ത്യൻ താരങ്ങൾക്ക് തുടക്കത്തിലെ തിരിച്ചടികൾ നേരിട്ടുള്ള അനുഭവപരിചയം കുറവായതു കൊണ്ട് കൂടിയാകാം ഈ പ്രശ്നമെന്ന് കരുതുന്നതായും രോഹിത് അഭിപ്രായപ്പെട്ടു.

ക്യാപ്ടൻ എന്ന നിലയിൽ ഇന്ത്യൻ താരങ്ങൾക്ക് ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ കളിക്കാമെന്ന് സഹായിക്കുക കൂടിയാണ് തന്റെ ലക്ഷ്യമെന്നും രോഹിത് കൂട്ടിച്ചേർത്തു. തുടക്കത്തിൽ തന്നെ തിരിച്ചടി നേരിടേണ്ടി വരുമെന്ന കണക്കുകൂട്ടലിലായിരിക്കണം ഓരോ കളിയേയും സമീപിക്കേണ്ടതെന്നും പത്ത് റൺ എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടാൽ മത്സരത്തിലേക്ക് മടങ്ങിവരുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും രോഹിത് സൂചിപ്പിച്ചു. ഇന്ത്യയുടെ യുവതാരങ്ങളെ അത്തരം സാഹചര്യത്തിൽ കളിക്കാൻ പ്രാപ്തരാക്കുകയാണ് ക്യാപ്ടൻ എന്ന നിലയിലുള്ള തന്റെ പ്രഥമ ലക്ഷ്യമെന്നും രോഹിത് വിശദീകരിച്ചു.