
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം സാരമായി തടസപ്പെടുമെന്ന് ആശങ്ക.
രാജ്യവ്യാപക സമരത്തെ തുടർന്ന് സംസ്ഥാനത്ത് പ്രതിഷേധിക്കുന്ന പി.ജി ഡോക്ടർമാർക്കെതിരെ സർക്കാർ നടപടി ശക്തമാക്കിയ സാഹചര്യത്തിൽ അത്യാഹിതവിഭാഗം ഉൾപ്പടെ ബഹിഷ്‌കരിക്കാനാണ് സമര സമിതിയുടെ തീരുമാനം. പ്രതിഷേധിക്കുന്ന പി.ജി ഡോക്ടർമാരെ കോളേജ് ഹോസ്റ്റലുകളിൽ നിന്ന് പുറത്താക്കാൻ മെഡിക്കൽ കോളേജുകൾക്കും പ്രിൻസിപ്പൽമാർക്കും സർക്കാർ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ആരോഗ്യ മന്ത്രി തങ്ങളുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്ന് സമരത്തിന് നേതൃത്വം നൽകുന്നവർ ആവശ്യപ്പെട്ടു. ചർച്ച നടത്താൻ സർക്കാർ സന്നദ്ധമായാൽ സമരം 24 മണിക്കൂർ നീട്ടി വയ്ക്കാൻ തങ്ങൾ തയ്യാറാവുമെന്നും അവർ അറിയിച്ചിട്ടുണ്ട്.
1600 പി.ജി ഡോക്ടർമരാണ് സംസ്ഥാനത്തുള്ളത്. ഇവർ സമരത്തിനിറങ്ങിയാൽ മെഡിക്കൽ കോളേജ് ആശുപത്രികളുടെ പ്രവർത്തനം സ്തംഭിക്കും. പിജി ഡോക്ടർമാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന് സർക്കാർ അംഗീകരിച്ചിരുന്നു. 45,000 രൂപ പ്രതിമാസ ശമ്പളത്തോടെ മെഡിക്കൽ കോളേജുകളിലേക്ക് നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരെ നിയമിക്കാൻ സർക്കാർ തയ്യാറായിരുന്നു. എന്നാൽ മന്ത്രി വീണാ ജോർജ് വാക്കാൽ ഉറപ്പ് നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് അത്യാഹിതവിഭാഗം ഉൾപ്പടെ ബഹിഷ്‌കരിക്കേണ്ടിവരുന്നതെന്ന് പി.ജി ഡോക്ടർമാർ അറിയിച്ചു. എന്നാൽ സമരക്കാരുടെ ആവശ്യം അംഗീകരിച്ച ശേഷമുള്ള സമരം അംഗീകരിക്കാൻ ആവില്ലെന്നാണ് സർക്കാർ നിലപാട്. പി.ജി ഡോക്ടർമാരുടെ സമരത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരുടെ നിയമനം.