
ന്യൂഡൽഹി : മുന്നറിയിപ്പില്ലാതെ മുല്ലപെരിയാറിൽ നിന്നും തമിഴ്‌നാട് കേരളത്തിലേക്ക് വെള്ളമൊഴുക്കി വിടുന്നതിനെതിരെ കേരളത്തിന്റെ പരാതി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മുന്നറിയിപ്പില്ലാതെ തമിഴ്നാട് തുടർച്ചയായി രാത്രിയിൽ വെള്ളം തുറന്നുവിടാൻ ആരംഭിച്ചതോടെയാണ് പരാതി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്. എന്നാൽ തമിഴ്‌നാട് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിൽ നിന്ന് കേരളം അവസാന നിമിഷം പിന്മാറി. മുന്നറിയിപ്പില്ലാതെ വെള്ളമൊഴുക്കിവിട്ടതിനെ തുടർന്ന് വീടിനും വസ്തുവകകൾക്കും നാശനഷ്ടം വന്നവർക്ക് തമിഴ്‌നാട് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യമായിരുന്നു നേരത്തെ കേരളം ഉയർത്തിയിരുന്നത്. ഇക്കാര്യം ഒഴിവാക്കിയാണ് സുപ്രീം കോടതിയിൽ ഇടക്കാല സത്യവാങ്മൂലം കേരളം സമർപ്പിച്ചത്. ഡാമിൽ നിന്നും വെള്ളം തുറന്നുവിടുന്നത് തീരുമാനിക്കാൻ കേരള - തമിഴ്‌നാട് സംയുക്തസമിതി നിലവിൽ വരണമെന്ന ആവശ്യമാണ് കേരളം കോടതിയിൽ ഉയർത്തുക.
തുടർച്ചയായി മുല്ലപ്പെരിയാറിൽ നിന്നും തമിഴ്‌നാട് രാത്രിയിൽ വെള്ളം തുറന്നുവിടാൻ ആരംഭിച്ചതോടെ പെരിയാറിന് ഇരുകരകളിലും താമസിക്കുന്നവർ ആശങ്കയിലാണ്. അപ്രതീക്ഷിതമായി രാത്രിയിൽ വീടുകളിൽ വെള്ളം കയറുന്നതിനാൽ ഉറക്കമില്ലാതെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് ഇവർ. മുന്നറിയിപ്പ് തമിഴ്‌നാട് നൽകാത്തതിനാൽ മുന്നൊരുക്കങ്ങൾ നടത്താൻ കേരളത്തിലെ ഉദ്യോഗസ്ഥർക്ക് കഴിയുന്നുമില്ല. ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പ്രതിഷേധവും നേരിടേണ്ട അവസ്ഥയിലാണ് ഉദ്യോഗസ്ഥർ. വീടുകളിൽ വെള്ളം കയറിയതറിഞ്ഞ് സന്ദർശിക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിനെതിരെയും ജനക്കൂട്ടം പ്രതിഷേധിച്ചു. വള്ളക്കടവ് കറുപ്പ് പാലത്ത് വെച്ചാണ് മന്ത്രിക്ക് നേരെ പ്രതിഷേധമുയർന്നത്. അതേസമയം മുല്ലപ്പെരിയാറിൽ മരം മുറിവിവാദത്തിലായചീഫ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ കഴിഞ്ഞ ദിവസം സർക്കാർ പിൻവലിച്ചു.