
ന്യൂഡൽഹി: കോപ്ടർ തകർന്നുണ്ടായ അപകടത്തിൽ സംയുക്ത സൈന്യാധിപൻ ജനറൽ ബിപിൻ റാവത്ത് മരിച്ച സംഭവത്തിൽ ജനങ്ങളുടെ മനസിൽ സംശയം ഉയർന്നിട്ടുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട് വെളിപ്പെടുത്തി. ചൈനയ്ക്കും പാകിസ്ഥാനുമെതിരെയുള്ള സൈനിക പ്രതികരണങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ ജനറൽ ബിപിൻ റാവത്ത് മുഖ്യ പങ്കു വഹിച്ചിട്ടുണ്ടന്നും ഇക്കാരണത്താൽ വിമാന അപകടം ജനങ്ങളുടെ മനസിൽ സംശയം ഉളവാക്കുന്നുവെന്നും രാജ്യസഭാംഗമായ റൗട്ട് വ്യക്തമാക്കി.
ജനറൽ ബിപിൻ റാവത്ത് യാത്ര ചെയ്ത ഹെലികോപ്ടർ രണ്ട് എഞ്ചിനുകളിൽ പ്രവർത്തിക്കുന്ന ആധുനിക വിമാനമായിരുന്നെന്നും സായുധ സേന നവീകരിച്ചതായി നമ്മൾ അവകാശപ്പെടുമ്പോഴും ഇത്തരം അപകടം എങ്ങനെ സംഭവിച്ചുവെന്നും റൗട്ട് ചോദിച്ചു. അപകടത്തിൽ രാജ്യവും നേതൃത്വവും ആശയക്കുഴപ്പത്തിലാണെന്നും പ്രധാനമന്ത്രിയോ പ്രതിരോധ മന്ത്രിയോ ഇക്കാര്യത്തിൽ വ്യക്തത നൽകണമെന്നും റൗട്ട് ആവശ്യപ്പെട്ടു.പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ ജനറൽ റാവത്തും പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ശിവസേന നേതാവ് ചൂണ്ടിക്കാട്ടി.
തമിഴ്നാട്ടിലെ കൂനൂരിൽ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ വ്യോമസേനാ ഹെലികോപ്റ്റർ അപകടത്തിലാണ് ഇന്ത്യയുടെ സംയുക്ത സേനാ മേധാവിയായ ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, റാവത്തിന്റെ ഡിഫൻസ് അസിസ്റ്റന്റും വ്യോമസേനാ ഉദ്യോഗസ്ഥരും ഉൾപ്പെടെ കോപ്റ്ററിലുണ്ടായിരുന്ന പതിനാല് പേരിൽ പതിമൂന്ന് പേരുടെ ജീവൻ നഷ്ടമായത്.