
തിരുവനന്തപുരം: കാർക്കശ്യത്തോടെ നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ഇരട്ടച്ചങ്കനെന്നാണ് അണികൾ വിശേഷിപ്പിക്കുന്നത്. പുതുവർഷത്തിൽ മുഖ്യമന്ത്രിക്കായി ഇരട്ട എഞ്ചിനുള്ള പുതിയ കോപ്ടറെത്തുമെന്നാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും മറ്റ് ഉയർന്ന ഉദ്യോഗസ്ഥർക്കും പറക്കാൻ സ്വകാര്യ കമ്പനിയുടെ ഹെലികോപ്ടർ സംസ്ഥാനം വാടകയ്‌ക്കെടുക്കും. മൂന്നു വർഷത്തേക്കാണ് കരാർ. തമിഴ്നാട്, ഒഡീഷ, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർക്കായി ഹെലികോപ്ടർ സർവീസ് നടത്തുന്ന ചിപ്സൺ ഏവിയേഷൻ, ഒ.എസ്.എസ് എയർ മാനേജ്‌മെന്റ്, ഹെലിവേ ചാർട്ടേഴ്സ് എന്നീ കമ്പനികളാണ് രംഗത്തുള്ളത്. പൊതുമേഖലാ സ്ഥാപനമായ പവൻഹാൻസിന്റെ ഹെലികോപ്ടറാണ് നേരത്തേ വാടകയ്‌ക്കെടുത്തിരുന്നത്.
15 വർഷത്തിലേറെ പഴക്കമില്ലാത്ത കോപ്ടറാണ് വി.ഐ.പി യാത്രയ്ക്കായി തിരഞ്ഞെടുക്കുക. സുരക്ഷയ്ക്കാണ് കൂടുതൽ പ്രാധാന്യം. അതിനാൽ കൂടുതൽ അപകടമുണ്ടാക്കിയ ഓപ്പറേറ്റർമാരെ നിരസിക്കും. ആറ് വി.ഐ.പി യാത്രക്കാരെയും 9 സാധാരണ യാത്രക്കാരെയും അവരുടെ പത്ത് കിലോ വീതം ലഗേജും വഹിക്കാനാവുന്ന ഇരട്ട എൻജിൻ കോപ്ടറാണ് വാടകയ്‌ക്കെടുക്കുക. പ്രതിമാസം 20 മണിക്കൂറെങ്കിലും പറക്കണമെന്നാണ് വ്യവസ്ഥ. കൂടുതൽ പറന്നാൽ മണിക്കൂർ കണക്കിൽ അധിക തുക നൽകും.
പൊതുമേഖലാ ഹെലികോപ്ടർ മഴക്കാറോ കാറ്റോ ഉണ്ടെങ്കിൽ പറക്കാൻ വിസമ്മതിച്ചിരുന്നു. പെട്ടിമുടിയിൽ ഉരുൾ പൊട്ടി പാലവും റോഡും ഒലിച്ചു പോയപ്പോൾ രക്ഷാപ്രവർത്തകരെയും മെഡിക്കൽ സംഘത്തെയും അവിടെയെത്തിക്കാൻ ശ്രമിച്ചെങ്കിലും പറക്കാനായില്ല. കാലാവസ്ഥ അനുകൂലമായ ശേഷം പെട്ടിമുടിയടക്കം ദുരന്ത സ്ഥലങ്ങളിലേക്ക് മുഖ്യമന്ത്രിയും ഗവർണറുമായി ആ കോപ്ടർ പറന്നിരുന്നു. വയനാട്ടിലടക്കം മാവോയിസ്റ്റ് നിരീക്ഷണത്തിനും പ്രതികൂല കാലാവസ്ഥയിൽ പറക്കാൻ പൈലറ്റുമാർ തയ്യാറായിരുന്നില്ല.
ഖജനാവിലെ 22.21 കോടി വിഴുങ്ങിയ ആദ്യത്തെ കോപ്ടർ കാര്യമായ പണിയൊന്നുമില്ലാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ സുഖ നിദ്ര യിലായിരുന്നു. വ്യോമ നിരീക്ഷണം, മാവോയിസ്റ്റുകൾക്കായി വനമേഖലയിൽ നിരീക്ഷണം, രക്ഷാപ്രവർത്തനം, അതിർത്തി പ്രദേശങ്ങളിലും തീരദേശത്തും വിനോദ സഞ്ചാരതീർത്ഥാടന മേഖലകളിലും നിരീക്ഷണം, അടിയന്തര ഘട്ടങ്ങളിലെ പൊലീസിന്റെയും വിശിഷ്ട വ്യക്തികളുടെയും യാത്ര എന്നിവയ്ക്കായാണ് ഇത്തവണ കോപ്ടർ വാടകയ്‌ക്കെടുക്കുന്നത്. പൊലീസ് നവീകരണത്തിനുള്ള കേന്ദ്ര ഫണ്ടിൽ നിന്നാണ് ഹെലികോപ്ടറിനുള്ള ചെലവ് വഹിക്കുന്നത്.