guruvayoor

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന വിഐപി കൾക്ക് ദർശനത്തിന് വേണ്ട പ്രത്യേക സൗകര്യം ഒരുക്കാൻ പബ്ളിക് റിലേഷൻസ് ഓഫീസർക്ക് നിർദേശം. ഗുരുവായൂർ ദേവസ്വം ഭരണസമിതിയാണ് ഈ വിവാദ നിർദേശം പുറത്ത് വിട്ടത്. എന്നാൽ പ്രസാദയൂട്ടിന് അന്നലക്ഷ്മി ഹാളിൽ ഭക്തജനങ്ങളുടെ ക്യൂ വഴി മാത്രമാകും പ്രവേശനമെന്നും ഉത്തരവിൽ പറയുന്നു.

ഇതിനോടൊപ്പം തന്നെ ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാർ പരസ്യലേലത്തിലൂടെ വിൽക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ എഡിഷൻ ഥാർ വഴിപാടായി സമർപ്പിച്ചത്. വിവരം അറിഞ്ഞത് മുതൽ ധാരാളം ഭക്തർ ഥാർ വാങ്ങാൻ ആഗ്രഹമറിയിച്ച് ദേവസ്വത്തെ സമീപിച്ചു. ഇത് പരിഗണിച്ചാണ് പൊതുലേലം നടത്തി വാഹനം വിൽക്കാൻ ദേവസ്വം തീരുമാനിച്ചത്. 15 ലക്ഷമാണ് അടിസ്ഥാന വില. ഈ മാസം 18ന് ഉച്ചയ്ക്ക് 3ന് ക്ഷേത്രം കിഴക്കേനടയിൽ ദീപസ്തംഭത്തിന് സമീപം ലേലം നടക്കും.

തുലാഭാരത്തിനുള്ള വെള്ളി, ചന്ദനം എന്നീ ദ്രവ്യങ്ങളുടെ നിരക്ക് കുറയ്ക്കാനും ഭരണസമിതി യോഗം തീരുമാനിച്ചു. ചന്ദനം കിലോഗ്രാമിന് 10,000 രൂപയും വെള്ളിക്ക് 20,000 രൂപയായും നിജപ്പെടുത്തി. ക്ഷേത്രത്തിൽ നെയ് വിളക്ക് ശീട്ടാക്കി വരുന്നവർക്കുള്ള ദർശന വഴിയിൽ മറ്റാരെയും പ്രവേശിപ്പിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. ദേവസ്വം ഭരണസമിതി യോഗത്തിൽ ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , തന്ത്രി പി.സി ദിനേശൻ നമ്പൂതിരിപ്പാട്, എ.വി. പ്രശാന്ത് , കെ. അജിത്, കെ.വി. ഷാജി, ഇ.പി.ആർ വേശാല, അഡ്വ.കെ.വി. മോഹനകൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ എന്നിവർ പങ്കെടുത്തു.