
തിരുവനന്തപുരം: കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 ആയി നിശ്ചയിച്ച്, കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ തീരുമാനമായി. ആകെ 11 സ്‌കെയിലുകളായി തിരിച്ചാണ് വർദ്ധന. അംഗീകൃത ട്രേഡ് യൂണിയനുകളും മാനേജ്‌മെന്റും ഈ മാസം തന്നെ കരാറിൽ ഒപ്പിടും. സർക്കാർ ജീവനക്കാരുടേതിന് തുല്യമായ മാസ്റ്റർ സ്‌കെയിലാണ് നടപ്പാക്കുന്നതെന്ന് അംഗീകൃത തൊഴിലാളി സംഘനകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷം വാർത്താസമ്മേളനത്തിൽ മന്ത്രി ആന്റണി രാജു അറിയിച്ചു. പത്തു വർഷത്തെ ഇടവേളക്കുശേഷമാണ് ശമ്പളം പരിഷ്‌ക്കരിക്കുന്നത്. 137 ശതമാനം ഡി.എ ശമ്പളത്തിൽ ലയിപ്പിച്ചിട്ടുണ്ട്. ജനുവരിയിലെ ശമ്പളം വർദ്ധനയനുസരിച്ചുള്ളതായിരിക്കും. 2021 ജൂൺ മുതൽ കരാറിന് പ്രാബല്യമുണ്ടാവും. പ്രൊമോഷൻ ഘട്ടങ്ങളായി നടപ്പിലാക്കും.
പരിഷാരങ്ങൾ, ആനുകൂല്യങ്ങൾ
സമരവീര്യം ഫലം കണ്ടു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സർക്കാർ ജീവനക്കാരുടേത് പോലെ കുറഞ്ഞ അടിസ്ഥാന ശമ്പളം
23,000 എന്ന മാസ്റ്റർ സ്‌കെയിൽ അംഗീകരിച്ചത് ജീവനക്കാരുടെ സംഘശക്തിയുടെ കൂടി ഫലമായാണ്.
നേരത്തെ കുറഞ്ഞ ശമ്പളം 20,000 എന്നപാക്കേജാണ് തയ്യാറാക്കിയത്. അതിനെതിരെ അംഗീകൃത തൊഴിലാളി സംഘടനകൾ ഉൾപ്പെടെ രണ്ടു ദിവസം പണിമുടക്കിയിരുന്നു. ശമ്പള പരിഷ്‌കരണം നടപ്പാക്കുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് പ്രതിമാസം 25 - 30 കോടിയുടെ അധികബാദ്ധ്യതയുണ്ടാകുമെന്നാണ് കണക്ക്. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നൽകിയിട്ടില്ല.
സ്വിഫ്ട് ജനുവരിയിൽ
കെ.എസ്.ആർ.ടി.സി പുതിയ സ്വിഫ്ട് കമ്പനി നടപ്പിലാക്കുന്നതിൽ പ്രതിപക്ഷ സംഘടനകൾ എതിർപ്പ് ആവർത്തിച്ചു. എന്നാൽ, സ്വിഫ്ട് നടപ്പിലാക്കുക സർക്കാർ നയമാണന്ന് മന്ത്രി വ്യക്തമാക്കി.ജനുവരിൽ പ്രവർത്തനമാരംഭിക്കും.
ആശ്വാസമില്ലാതെ പെൻഷൻകാർ എം.പാനലുകാർ
പെൻഷൻ വർദ്ധന, എം.പാനലുകാരുടെ പുനഃപ്രവേശനം എന്നിവയിൽ അനുകൂല തീരുമാനമുണ്ടായില്ല. പെൻഷൻ സംഘടനാ പ്രതിനിധികളെ ചർച്ചയ്ക്കു വിളിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. എം.പാനലുകാരെ തിരിച്ചെടുക്കുന്നത് കോടതി വിധിക്ക് എതിരാകുമെന്നും.,അക്കാര്യത്തിൽ റിപ്പോർട്ട് നൽകാൻ മൂന്നംഗ കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു
''സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലെ ശമ്പള പരിഷ്‌ക്കരണത്തിൽ ജീവനക്കാർ സംതൃപ്തരാകുമെന്നും പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുമെന്നും പ്രതീക്ഷിക്കുന്നു''
ആന്റണി രാജു,
ഗതാഗതമന്ത്രി