
ന്യൂഡൽഹി: അയോദ്ധ്യവിധിക്ക് ശേഷം ജഡ്ജിമാർക്ക് താജിൽ അത്താഴ വിരുന്നൊരുക്കിയത് ആഘോഷത്തിന്റെ ഭാഗമായിട്ടല്ലെന്ന് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. എൻഡി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തൽ. അടുത്തിടെ പുറത്തിറക്കിയ ആത്മകഥയിൽ അയോദ്ധ്യ ബെഞ്ചിലെ മറ്റ് ജഡ്ജിമാർക്കൊപ്പം ഡൽഹിയിലെ ഒരു ആഡംബര ഹോട്ടലിൽ അത്താഴവിരുന്നിൽ പങ്കെടുത്തതിന്റെ വിശേഷങ്ങളും ചിത്രവും അദ്ദേഹം പങ്കുവച്ചത് വിവാദമായി.
' വിധി പ്രസ്താവിച്ച ശേഷം വൈകുന്നേരം ഞാൻ ജഡ്ജിമാരെ അത്താഴത്തിന് താജ് മാൻസിംഗ് ഹോട്ടലിലേക്ക് കൊണ്ടുപോയി. ഞങ്ങൾ ചൈനീസ് ഭക്ഷണം കഴിക്കുകയും അവിടെ ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ച വൈൻ കുപ്പി പങ്കിടുകയും ചെയ്‌തു." എന്നായിരുന്നു ചീഫ് ജസ്റ്റിസ് ഗൊഗോയ് തന്റെ പുസ്തകത്തിൽ പറയുന്നുത്. 'കൂട്ടുകാർക്കൊപ്പം അത്താഴത്തിന് പോകുമ്പോൾ ചിലപ്പോഴൊക്കെ പുറത്തുനിന്നുള്ള ഭക്ഷണം രുചിച്ചുനോക്കാൻ തോന്നില്ലേ? അതൊരു ആഘോഷമല്ല. ഈ ജഡ്ജിമാരിൽ ഓരോരുത്തരും നാല് മാസം അയോദ്ധ്യ വിധിയിൽ ജോലി ചെയ്തവരാണ്. എന്റെ ജഡ്ജിമാരും ഞാനും വളരെയധികം കഠിനാദ്ധ്വാനം ചെയ്‌തു, ഞങ്ങൾക്കൊരു വിശ്രമം വേണമെന്ന് തോന്നി. അതുകൊണ്ടാണ് പുറത്ത് നിന്നും ഒന്നിച്ച് ഭക്ഷണം കഴിച്ചത് " എന്നും അദ്ദേഹം എൻഡിടിവിയോട് പറഞ്ഞു.
' ജസ്റ്റിസ് ഫോർ ദി ജഡ്ജ്' എന്ന പേരിലുള്ള ജസ്റ്റിസ് ഗൊഗോയിയുടെ ആത്മകഥയിലാണ് 2019 നവംബർ ഒമ്പതിലെ സായാഹ്നത്തെ കുറിച്ച് അദ്ദേഹം പരാമർശിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അയോദ്ധ്യാവിധി പ്രസ്‌താവം നടത്തിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ എന്നിവരാണ് ഉണ്ടായിരുന്നത്.
കോടതിയിലെ ഒരു വനിതാ ജീവനക്കാരി തനിക്കെതിരെ ഉന്നയിച്ച ലൈംഗിക പീഡന ആരോപണങ്ങളുടെ വെളിച്ചത്തിൽ വിളിച്ചുചേർത്ത ഹിയറിംഗിൽ അദ്ധ്യക്ഷനാകാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെക്കുറിച്ചും സംസാരിച്ചു.
'എന്റെ പുസ്തകത്തിൽ, ഒരു വാചകം ഉണ്ട്, മുൻകാലഘട്ടത്തിൽ, ബെഞ്ചിലെ എന്റെ പങ്കാളിത്തം ശരിയായിരുന്നില്ല എന്ന്. ഇന്ത്യയിലെ ചീഫ് ജസ്റ്റിസുമാർ സ്വർഗത്തിൽ നിന്ന് ഇറങ്ങിവരുന്നില്ല. കഠിനാദ്ധ്വാനത്തിലൂടെ കെട്ടിപ്പടുത്ത 40 വർഷത്തെ പ്രശസ്‌തി നശിപ്പിക്കാൻ ശ്രമിക്കുന്നുന്നത്. തന്റെ പ്രശസ്‌തിയെക്കുറിച്ചുള്ള ആശങ്കയാണ് ആ തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയിലേക്കുള്ള തന്റെ വിവാദ പ്രവേശനത്തെക്കുറിച്ചും അഭിമുഖത്തിൽ പറയുന്നുണ്ട്, 'അത്തരമൊരു ഓഫർ സ്വീകരിക്കുന്നതിന് മുമ്പ് രണ്ടാമതൊന്ന് ആലോചിച്ചില്ല. വ്യക്തിപരമായി എനിക്ക് അവിടെ പോകുന്നത് അത്ര സുഖകരമായി തോന്നുന്നില്ല. പ്രാധാന്യമുള്ള വിഷയങ്ങൾ സംസാരിക്കണമെന്ന് തോന്നുമ്പോൾ മാത്രമാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.