alan-taha-

കോഴിക്കോട് : പന്തീരാങ്കാവ് യു എ പി എ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അലൻ, താഹ എന്നിവർ ജയിലിൽ വച്ച് തങ്ങളെ ഉദ്യോഗസ്ഥർ ക്രൂരമായി ഉപദ്രവിച്ചിരുന്നു എന്ന് വെളിപ്പെടുത്തി. സി പി എം പ്രവർത്തകരായ തങ്ങളെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായിരുന്നു. രാജ്യമെമ്പാടും യു എ പി എക്കെതിരെ പ്രതിഷേധം ഉയർത്തുന്ന സി പി എം, എന്നാൽ കേരളത്തിൽ അതിനെ പിന്തുണയ്ക്കുകയായിരുന്നു. ചായ കുടിക്കാൻ പോയതിനല്ല യു എ പി എ ചുമത്തിയ അറസ്റ്റ് ചെയ്തതെന്നാണ് അലൻ, താഹ എന്നിവരുടെ അറസ്റ്റിനെ കുറിച്ച് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന വന്നതിന് പിന്നാലെ ജയിലിൽ സി പി എം അനുഭാവികളായ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായി. എടാ എന്ന വിളികളോടെയായിരുന്നു പിന്നീടത്തെ അവരുടെ പെരുമാറ്റമെന്നും, തങ്ങളെ തെറിവിളിക്കാൻ ആരംഭിച്ചുവെന്നും അലനും താഹയും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു.

ജയിലിൽ സി പി എമ്മും ആർ എസ് എസ് കാരുമായ ഉദ്യോഗസ്ഥർ ഒരേ രീതിയിലാണ് തങ്ങളോട് പെരുമാറിയത്. കേസിൽ മാപ്പുസാക്ഷിയാവാൻ അലന് മേൽ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തി. ഇതിനായി മാത്രം തങ്ങളെ കാക്കനാട് ജയിലിലേക്ക് മാറ്റി. അവിടെ രണ്ട് മുറികളിലായിട്ടാണ് പാർപ്പിച്ചത്. വലിപ്പം കുറഞ്ഞ ജയിൽ മുറികളിലെ അസൗകര്യം ചൂണ്ടിക്കാട്ടിയപ്പോൾ നീ മരിച്ചാൽ ഞങ്ങൾക്കെന്ത് എന്നാണ് കേരളത്തിലെ ജയിൽ ഉദ്യോഗസ്ഥർ ചോദിച്ചതെന്നും അഭിമുഖത്തിൽ അലനും താഹയും വെളിപ്പെടുത്തി. കോടതിയിൽ ഇക്കാര്യം പറഞ്ഞപ്പോൾ ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എന്ന കള്ളക്കേസും എടുത്തു. ഏറെ സമ്മർദ്ദമുണ്ടായിട്ടും മാപ്പുസാക്ഷിയാവാൻ അലൻ തയ്യാറായില്ല, മാപ്പുസാക്ഷിയായാൽ തനിക്ക് ജയിൽ ജീവിതം ഒഴിവാക്കി, പഠനം തുടരാൻ കഴിയുമായിരുന്നു. എന്നാൽ അത് ഒറ്റിക്കൊടുക്കലിന് സമമാണ്. ജയിലെന്നല്ല എവിടെ കൊണ്ടിട്ടാലും തങ്ങൾ തമ്മിലുള്ള സൗഹൃദം നഷ്ടമാവില്ലെന്ന് താഹയെ കുറിച്ചുള്ള ബന്ധത്തെ കുറിച്ച് അഭിമുഖത്തിൽ അലൻ പറയുന്നു.

2019 നവംബറിലാണ് ഇരുവരെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അതിനു ശേഷം എൻ ഐ എ കേസ് ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ സെപ്തംബറിൽ ഇവർക്കെതിരെ കാര്യമായ തെളിവുകളില്ലെന്ന് കാണിച്ച് എൻ ഐ എ കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് കേരള ഹൈക്കോടതിയെ എൻ ഐ എ സമീപിക്കുകയും ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കുകയും അലൻ ഷുഹൈബിന്റെ ജാമ്യം ശരിവയ്ക്കുകയുമായിരുന്നു. ജാമ്യം റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് താഹയും അലന്റെ ജാമ്യം ശരിവച്ച നടപടിയെ ചോദ്യം ചെയ്ത് എൻ ഐ എ യും സുപ്രീം കോടതിയിൽ എത്തുകയായിരുന്നു. ഈ രണ്ട് ഹർജികളും പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്

.

നേരത്തെ കേസ് പരിഗണിക്കുന്ന അവസരത്തിൽ തന്നെ പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകളൊന്നുമില്ലല്ലോ എന്ന് കോടതി എൻ ഐ എയോട് ചോദിച്ചിരുന്നു. ഇവരിൽ നിന്ന് പിടിച്ചെടുത്ത ലഘുലേഖകൾ, പുസ്തകങ്ങൾ, പതാകകൾ എന്നിവ പൊതുവായി ലഭിക്കുന്നതാണെന്നും ഇതു വച്ച് എങ്ങനെയാണ് ഇവർക്കെതിരെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുക എന്നും കോടതി ചോദിച്ചു.

എന്നാൽ പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഇവർ രാജ്യത്തിനെതിരായി പ്രവർത്തിക്കാൻ സാദ്ധ്യതയുണ്ടെന്നും തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളായിരുന്നു കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ പ്രതികൾക്കെതിരായി നിരത്തിയത്. എന്നാൽ ഈ വാദങ്ങളെല്ലാം അപ്പാടെ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി അലനും താഹയ്ക്കും ജാമ്യം അനുവദിച്ചത്.