amma-

കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികൾക്കുള്ള തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരം കടുക്കുന്നു. ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്നതിന് മണിയൻ പിള്ള രാജു രംഗത്തുവന്നതാണ് ശ്രദ്ധേയമാകുന്നത്. തെര‌ഞ്ഞെടുപ്പിൽ ആർക്കുവേണമെങ്കിലും മത്സരിക്കാം. അതിനാൽ തന്നെ താൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് മണിയൻ പിള്ള രാജു 'കേരളകൗമുദി ഓൺലൈനിനോട്' പറഞ്ഞു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഔദ്യോഗിക പാനലിൽ മത്സരിക്കുന്നത് നടിമാരായ ആശാ ശരത്തും, ശ്വേതാ മേനോനുമാണ്. ജഗദീഷും മുകേഷും മത്സരത്തിനുണ്ടായിരുന്നെങ്കിലും അവസാന നിമിഷം പിൻമാറുകയായിരുന്നു. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്നലെയായിരുന്നു ഇവർ പിൻമാറിയത്.

പതിനൊന്നംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേയ്ക്ക് പതിനാല് മത്സരാർത്ഥികളാണ് ഉള്ളത്. നടനും നിർമാതാവുമായ വിജയ് ബാബുവും പത്രിക പിൻവലിച്ചിരുന്നെങ്കിലും പത്രികയിൽ ഒപ്പിടാത്തതിനാൽ വീണ്ടും മത്സരരംഗത്തേയ്ക്ക് എത്തിയിരിക്കുകയാണ്. നടൻ സുരേഷ് കൃഷ്ണയും പത്രിക പിൻവലിച്ചു. ലാലും നാസർ ലത്തീഫും മത്സരാർത്ഥികളായുണ്ട്.

അതേസമയം മോഹൻലാൽ അമ്മയുടെ പ്രസിഡന്റായും ഇടവേള ബാബു ജനറൽ സെക്രട്ടറിയായും തുടരും. 2024 വരെയാണ് പുതിയ കാലാവധി. ജയസൂര്യയെ ജോയിന്റ് സെക്രട്ടറിയായും സിദ്ദിഖിനെ ട്രഷററായും തെരഞ്ഞെടുത്തു.