
ഋതുക്കൾ പൊഴിയും പോലെ വീണ്ടുമൊരു മനുഷ്യാവകാശദിനം കൂടി വന്നുപോകുന്നു. സ്വതന്ത്രരായി ജനിച്ച മനുഷ്യർക്ക് പിന്നീട് ജീവിക്കാനും അവകാശ സ്വാതന്ത്ര്യങ്ങൾ അനുഭവിക്കാനും പോരാട്ടങ്ങൾ നടത്തേണ്ടി വരുന്നു എന്നിടത്ത് നിന്നാണ് അടിച്ചമർത്തലുകളുടെ കഥ ആരംഭിക്കുന്നത്. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് ഓരോ പൗരന്റെയും ജീവിതാവശ്യമാണ്. 1948 ഡിസംബർ 10ന് ഐക്യരാഷ്ട്രസഭ സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചതോടെ ആ ദിനം ലോകമാകെ വർഷാവർഷം മനുഷ്യാവകാശ ദിനമായി ആചരിച്ചുപോന്നു.
അന്തസും സുരക്ഷയുമുറപ്പാക്കി ജീവിക്കാനുള്ള അവകാശത്തെയാണ് മനുഷ്യാവകാശം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. സ്വകാര്യത, മതവിശ്വാസം, അഭിപ്രായപ്രകടന സ്വാതന്ത്ര്യം എന്നിവയ്ക്കുള്ള സംരക്ഷണം, വീട്, വസ്ത്രം എന്നിവയോടെ ജീവിതം നയിക്കാനുള്ള അവകാശം, വാർദ്ധക്യം, ശാരീരിക ബലഹീനതകൾ ഉൾപ്പെടെ അവശതകളുടെ അവസ്ഥയിൽ ലഭിക്കേണ്ട സംരക്ഷണം, നിയമത്തിനുമുന്നിലുള്ള സംരക്ഷണം, കുറ്റവാളിയെന്ന് തെളിയിക്കപ്പെടുന്നത് വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായി തടങ്കലിൽ പാർപ്പിക്കില്ലെന്ന ഉറപ്പ്, സ്ത്രീപുരുഷഭേദമന്യേ ജീവിക്കാനുള്ള അവകാശം എന്നിവയെല്ലാം മനുഷ്യാവകാശഗണത്തിൽ പെടും. ഇവയെല്ലാം പരിപാലിക്കാൻ എല്ലാ രാഷ്ട്രങ്ങളും പ്രതിജ്ഞാബദ്ധരാണ്. ലംഘിച്ചാൽ നിയമപരമായി തടയാനും രക്ഷിക്കാനും കഴിയുന്ന സംവിധാനമാണ് മനുഷ്യാവകാശ കമ്മിഷനുകൾ.
മനുഷ്യാവകാശ കമ്മിഷൻ
ജനാധിപത്യ ഭരണക്രമത്തിലേക്കുള്ള ലോകത്തിന്റെ തുടക്കമാണല്ലോ 1215ൽ ഒപ്പുവച്ച പൗരാവകാശരേഖയായ മാഗ്ന കാർട്ട. ആധുനിക കാലഘട്ടത്തിലെ മനുഷ്യാവകാശ നിയമങ്ങളുടെ തുടക്കം ഇവിടെ നിന്നായിരുന്നു. രാഷ്ട്രത്തിന്റെ നിയമപരമായ വിധിയല്ലാതെ സ്വാതന്ത്ര്യത്തിന് ഭംഗം വരുത്തിക്കൂടായെന്ന മാഗ്നാകാർട്ടയിലെ സുപ്രസിദ്ധമായ 39ാം അനുഛേദമാണ് യഥാർത്ഥത്തിൽ വ്യക്തിസ്വാതന്ത്ര്യം എന്ന ആശയത്തിലൂടെ ഇംഗ്ലീഷ് ജനത ലോകത്തിന് മുന്നിലവതരിപ്പിച്ചത്.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യമുയർത്തിയ ഫ്രഞ്ച് വിപ്ലവവും 1789ൽ ഫ്രാൻസിലെ ജനപ്രതിനിധിസഭ പുറത്തിറക്കിയ മനുഷ്യന്റെ അവകാശപ്രഖ്യാപനങ്ങളും മനുഷ്യാവകാശ സംരക്ഷണ ചരിത്രത്തിലേക്കുള്ള നാഴികക്കല്ലുകളായി.
ദേശീയ മനുഷ്യാവകാശ കമ്മിഷൻ
ഭരണഘടനയിലോ അന്താരാഷ്ട്ര പ്രഖ്യാപനങ്ങളിലോ ഉറപ്പ് നൽകുന്ന, വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യത്തിനും അന്തസ്സിനും മാനുഷികമായുള്ള ഏതവകാശവും സംരക്ഷിക്കുന്നതാണ് നമ്മുടെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ. 1993ൽ ഡൽഹി ആസ്ഥാനമായി ആരംഭിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷൻ മുൻ ഇന്ത്യൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രംഗനാഥ മിശ്രയായിരുന്നു. ചെയർപേഴ്സൺ ഉൾപ്പെടെ അഞ്ചംഗ സമിതിയാണ് കമ്മിഷനിൽ. സ്ഥാനമേറ്റെടുക്കുന്നത് മുതൽ അഞ്ചുവർഷമോ 70 വയസ്സ് പൂർത്തിയാകുന്നതുവരെയോ ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെ അദ്ധ്യക്ഷന് പദവിയിൽ തുടരാം.
2019 ലെ ഭേദഗതി നിയമത്തിലൂടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയവർ മാത്രം എന്ന വ്യവസ്ഥ മാറ്റി സുപ്രീംകോടതി ജഡ്ജിമാരായിരുന്നവർക്കും അദ്ധ്യക്ഷപദവിയിലെത്താമെന്നാക്കി. കമ്മിഷൻ കാലാവധി അഞ്ചിൽ നിന്ന് മൂന്നുവർഷമാക്കി. ജസ്റ്റിസ് എച്ച്.എൽ. ദത്തുവാണ് ഇപ്പോഴത്തെ കമ്മിഷൻ അദ്ധ്യക്ഷൻ. 1993 സെപ്റ്റംബർ 28ന് ഇന്ത്യൻ പാർലമെൻറ് പാസാക്കിയ മനുഷ്യാവകാശസംരക്ഷണ നിയമമനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്വങ്ങളും നിർവഹിക്കുകയാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ചുമതല.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ
പാർലമെന്റ് പാസാക്കിയ ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിയമമനുസരിച്ചാണ് സംസ്ഥാനങ്ങളിലെയും മനുഷ്യാവകാശകമ്മിഷനുകൾ. 1998 ഡിസംബർ 11ന് തിരുവനന്തപുരം ആസ്ഥാനമായി ആരംഭിച്ച കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ പ്രഥമ അദ്ധ്യക്ഷൻ ജസ്റ്റിസ് പരീത് പിള്ളയായിരുന്നു. ജസ്റ്റിസ് ആൻറണി ഡൊമനിക് ആണ് ഇപ്പോഴത്തെ അദ്ധ്യക്ഷൻ.
സംസ്ഥാനങ്ങളിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലിരുന്നവരാകണം അദ്ധ്യക്ഷരാകേണ്ടത് എന്ന വ്യവസ്ഥ മാറ്റി ജഡ്ജിമാരായിരുന്നവർക്കുമാകാമെന്ന വ്യവസ്ഥ വന്നത് 2019ലെ നിയമഭേദഗതിയിലൂടെയാണ്. അദ്ധ്യക്ഷന് പുറമേ, ഒരു ജില്ലാ ജഡ്ജി, ഒരു മനുഷ്യാവകാശ പ്രവർത്തകൻ അല്ലെങ്കിൽ സാമൂഹ്യ പ്രവർത്തകൻ എന്നിവർ കമ്മിഷനിൽ അംഗങ്ങളാണ്. കാലാവധി അഞ്ചിൽ നിന്ന് മൂന്ന് വർഷമാക്കി. ഒരു രൂപയുടെ പോലും ചെലവില്ലാതെ ഏത് പൗരനും വെള്ളക്കടലാസിൽ അപേക്ഷയെഴുതി നീതിക്കായി കമ്മിഷനെ സമീപിക്കാം. കോടതികൾ കയറിയിറങ്ങി തളർന്ന ആയിരങ്ങളാണ് മനുഷ്യാവകാശ കമ്മിഷനിലെത്തി അവകാശങ്ങൾ നേടിയെടുക്കുന്നത്.
(സെക്രട്ടേറിയറ്റ് നിയമ വകുപ്പിലെ സെക്‌ഷൻ ഓഫീസറാണ് ലേഖകൻ. ഫോൺ: 9495303488)