
ന്യൂയോർക്ക് : കോൺഗ്രസ് പ്രവാസി സംഘടന ഓ. ഐ.സി.സിയെ ശക്തിപ്പെടുത്തന്നതിന്റെ ഭാഗമായി അമേരിക്കയിൽ നിന്ന് മൂന്ന് കോ ഓഡിനേറ്റർമാർ. പ്രവാസികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകർക്ക് ഊർജ്ജവും ആവേശവും നൽകി പ്രവർത്തിക്കുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഓഐസിസി) പ്രവർത്തനം ഇതോടെ അമേരിക്കയിലും വ്യാപിപ്പിക്കും.
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു എസ്എയുടെ (ഒഐസിസി യുഎസ്എ) നാഷനൽ കോർഡിനേറ്ററായി ജെയിംസ് കൂടലിനെയും സതേൺ, നോർത്തേൺ റീജിയണൽ കോർഡിനേറ്റർമാരായി ജീമോൻ റാന്നി (തോമസ് മാത്യു) ഹൂസ്റ്റൺ, സന്തോഷ് ഏബ്രഹാം, ഫിലാഡൽഫിയ എന്നിവരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നിയമിച്ചു.

കെപിസിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഒഐസിസി ഗ്ലോബൽ കമ്മിറ്റിയുടെ കീഴിലായിരിക്കും ഇവരുടെ പ്രവർത്തനം. അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തനങ്ങൾ സജീവമാക്കുകയും, പുതിയ അംഗങ്ങളെ ചേർത്ത് കൊണ്ട് അഡ് ഹോക്ക് കമ്മിറ്റികൾ രൂപീകരിച്ച് കോൺഗ്രസ് സംഘടനാ സംവിധാനം അമേരിക്കയിൽ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നിയമനം.
ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പുതിയതായി നിയമിതരായ കോർഡിനേറ്റർമാരെ അഭിനന്ദിച്ചു. പുതിയ ഉത്തരവാദിത്വങ്ങൾ ജനകീയമായി നിറവേറ്റുമെന്നും സംഘടനയെ ശക്തിപ്പെടുത്താനുള്ള കർമപദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്നും ജെയിംസ് കൂടൽ, ജീമോൻ റാന്നി, സന്തോഷ് എബ്രഹാം എന്നിവർ പറഞ്ഞു.