
ലണ്ടൻ: ഉയ്ഗൂര്‍ മുസ്ലീങ്ങളെയും കസാക്കിസ്ഥാൻ വംശജരെയും പീഡിപ്പിക്കുന്നത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെയും സി സി പി യിലെ (ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി) മുതിർന്ന അംഗങ്ങളുടെയും പ്രത്യേക നിർദ്ദേശപ്രകാരമാണെന്ന് വ്യക്തമാക്കി അഭിഭാഷകരുടെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിലുള്ള ട്രിബ്യൂണൽ . ഇതിന് പ്രത്യേക ലക്ഷ്യമുണ്ടെന്നും ഉത്തരവാദിത്വം ചൈനീസ് സർക്കാരും പാർട്ടിയും ഏറ്റെടുക്കണമെന്നും ട്രിബ്യൂണൽ വ്യക്തമാക്കി.
വടക്കുപടിഞ്ഞാറൻ പ്രദേശമായ സിൻജിയാംഗിലാണ് ഏറ്റവും കൂടുതൽ വംശഹത്യയും പീഡനങ്ങളും നടക്കുന്നതെന്നാണ് ട്രിബ്യൂണലിന്റെ കണ്ടെത്തൽ. ഇത്തരം പ്രവൃത്തികളുടെ ആത്യന്തികമായ ഉത്തരവാദിത്വം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കും പ്രസിഡന്റ് ഷി ജിൻപിംഗിനും മാത്രമാണെന്നും ട്രിബ്യൂണൽ കുറ്റപ്പെടുത്തുന്നു. ബ്രിട്ടീഷ് അഭിഭാഷകനായ ജെഫ്രി നൈസാണ് ട്രിബ്യൂണൽ അദ്ധ്യക്ഷൻ. ഉയ്ഗൂര്‍ മുസ്ലിങ്ങളെ പീഡിപ്പിക്കുന്ന കാര്യത്തിൽ ചൈനയ്‌ക്കെതിരെ നിലനിൽക്കുന്ന ആരോപണങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നതാണ് ട്രിബ്യൂണലിന്റെ കണ്ടെത്തലുകൾ. ഇത് അന്താരാഷ്ട്ര വേദിയിൽ ഉന്നയിക്കാനും നീക്കമുണ്ട്.
രാജ്യത്തെ ജനസംഖ്യയിൽ 12 മില്യനോളം വരുന്ന ഉയ്ഗൂര്‍ മുസ്ലിങ്ങൾക്കെതിരെ കൊടിയ പീഡനമാണ് ചൈനീസ് അധികാരികൾ നടത്തുന്നത്. ഇവരുടെ സാംസ്‌കാരിക ശേഷിപ്പുകളെ രാജ്യത്തുനിന്ന് പൂർണമായും തുടച്ചു നീക്കാനുള്ള തീവ്ര ശ്രമത്തിലാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം. പുരുഷന്മാരിൽ പലരും തടവിലാണ്. മുസ്ലീം പള്ളികളിൽ നിന്ന് ഇസ്ലാമിക രീതിയിലുള്ള താഴികക്കുടങ്ങളും മറ്റും നീക്കംചെയ്യുന്നതും തുടരുകയാണ്.
സിൻജിയാംഗ് പ്രദേശത്തെ ഭൂരിപക്ഷ മുസ്ലിം ജനവിഭാഗമാണ് ഉയ്ഗൂര്‍. സിൻജിയാംഗിനെ 1949 ലാണ് ചൈന തങ്ങളുടെ അധീനതയിലാക്കി മാറ്റിയത്. അതോടെ തുടങ്ങി ഉയ്ഗൂറുകളുടെ ദുരിതകാലവും. മുസ്ലിം വിശ്വാസത്തെ പ്രതിനിധാനം ചെയ്യുന്ന അടയാളങ്ങൾ സിൻജിയാംഗിലെ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നതിന് കർശന വിലക്കുണ്ട്. പള്ളികൾ അടച്ചുപൂട്ടിയതിനാെപ്പം വിശുദ്ധ ഖുർ ആനിനും വിലക്കിയിട്ടുണ്ട്. താടി വയ്ക്കാനോ റംസാൻ മാസത്തിൽ നോമ്പെടുക്കാനോ പാടില്ല. ഈ വിഭാഗക്കാരെ നിരന്തരം പിന്തുടരുക എന്ന ലക്ഷ്യത്തോടെ അവരുടെ വാഹനങ്ങളിൽ നിർബന്ധിതമായി ജി പി എസ് ഉപകരണം ഘടിപ്പിച്ചിട്ടുണ്ട്. ഉയ്ഗൂര്‍ വിഭാഗക്കാരെ പൊതു ഇടങ്ങളിൽ തിരിച്ചറിയാൻ സഹായിക്കുന്ന സ്മാർട്ട് ഗ്ലാസ്സുകൾ പൊലീസുകാർക്ക് നൽകിയിട്ടുണ്ട്.
സിൻജിയാംഗിലെ പ്രത്യേക ക്യാമ്പുകളിൽ ഉയ്ഗൂറുകൾ ഉൾപ്പടെയുള്ള ഒരുലക്ഷത്തോളം ന്യൂനപക്ഷ വിഭാഗക്കാരെ തടവിലിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. യു എൻ ഉൾപ്പടെ ഇത് പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. എന്നാൽ ഇത്തരത്തിലുള്ള ക്യാമ്പുകൾ നിലവിലില്ലെന്നാണ് ചൈന ആദ്യം പറഞ്ഞത്. എന്നാൽ തെളിവുകൾ ഉൾപ്പടെ പുറത്തുവിട്ടപ്പോൾ ക്യാമ്പുകൾ ഉണ്ടെന്ന് സമ്മതിച്ച ചൈന അവ തൊഴിലധിഷ്ഠിത കേന്ദ്രങ്ങളാണെന്നും തീവ്രവാദത്തെ ചെറുക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. സിൻജിയാംഗിൽ മനുഷ്യാവകാശ ലംഘനം നടന്നുവെന്ന ആരോപണങ്ങളെയും ചൈന ശക്തമായി നിഷേധിക്കുന്നുണ്ട്. 'നുണകൾക്ക് സത്യം മറച്ചുവയ്ക്കാനോ അന്താരാഷ്ട്ര സമൂഹത്തെ കബളിപ്പിക്കാനോ സിൻജിയാംഗിന്റെ സ്ഥിരത, വികസനം, സമൃദ്ധി എന്നിവയുടെ ചരിത്രപരമായ ഗതിയെ തടയാനോ കഴിയില്ല എന്നാണ് വിമർശനത്തെക്കുറിച്ചുള്ള ചൈനയുടെ പ്രതികരണം.