
തൃശൂർ: പൊലീസുകാരോട് സല്യൂട്ട് ചോദിച്ചതോടെയായിരുന്നു തൃശൂർ മേയർ എം കെ വർഗീസിന്റെ പേരിൽ വിവാദങ്ങൾ ഉയർന്നു വന്നത്. അതൊന്ന് കെട്ടടങ്ങിയപ്പോഴേക്കും സ്കൂളിലെ പരിപാടിയുടെ ഫ്ലക്‌സിൽ തന്റെ ചിത്രം ചെറുതായി പോയി എന്നതായി അടുത്ത പ്രശ്‌നം. എന്നാൽ, താനല്ല, ആര് മേയറായാലും ഇങ്ങനെ കണ്ടാൽ വേദനിക്കുമെന്നും മേയർ പദവിയെ ആര് താഴ്‌ത്തി കെട്ടാൻ ശ്രമിച്ചാലും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറയുന്നു. തുടരെ തുടരെയുണ്ടാകുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മലയാളത്തിലെ ഒരു പ്രമുഖ മാദ്ധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
' മേയറുടെ പടം ചെറുതാക്കിയപ്പോൾ എം.കെ.വർഗീസിനു വേദനിച്ചില്ല. പക്ഷേ, മേയർക്കു വേദനിച്ചു. കോർപറേഷന്റെ കീഴിലുള്ള സർക്കാർ സ്‌കൂളിൽ മേയർ മുഖ്യാതിഥിയും ഉദ്ഘാടകനും അദ്ധ്യക്ഷനും പുറത്തുനിന്നുള്ളവരുമാകുമ്പോൾ മേയർക്കു വേദനിക്കും. ഏറ്റവും അവസാനം ചെറുതാക്കി മേയറുടെ ഫോട്ടോ കൊടുത്തിരിക്കുന്നു.
എം.കെ.വർഗീസിന് ഇതു പ്രശ്‌നമല്ല. മേയർക്കു പ്രശ്നമാണ്. മേയർ പദവിയെ താഴ്‌ത്തിക്കെട്ടാൻ ആരു ശ്രമിച്ചാലും ഞാനീ കസേരയിലുള്ളിടത്തോളം കാലം എതിർക്കും. ഞാനല്ല ആരു മേയറായാലും അപമാനിക്കാൻ പാടില്ല." പൊലീസ് സല്യൂട്ടടിക്കാത്തതിന്റെ പേരിലുണ്ടായ വിവാദത്തിലും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.
'എനിക്കു തന്ന പ്രോട്ടോക്കോൾ നിയമത്തിൽ മേയറുടെ പദവി കാണിച്ചിരിക്കുന്നത് ഡെപ്യൂട്ടി സ്‌പീക്കറുടെ താഴെയാണ്. അത് എംപിയ്‌ക്കും എംഎൽഎയ്‌ക്കും മുകളിലുമാണ്. ആ പദവിക്കു സല്യൂട്ട് ഉണ്ടോ എന്ന സംശയമാണു ഞാൻ ഡിജിപിയോടു ചോദിച്ചത്. എനിക്കു സംശയം ചോദിക്കാൻ അധികാരമില്ലേ? ഞാൻ രേഖാമൂലം ചോദിച്ചതിന് ഒരു വർഷമായിട്ടും ഡിജിപി മറുപടി നൽകിയിട്ടില്ല.
അവർ പറയട്ടെ മേയർമാർക്കു സല്യൂട്ടില്ലെന്ന്. ആ സമയത്തുണ്ട്, ഈ സമയത്തില്ല എന്നൊന്നും പറഞ്ഞാൽ പോരാ. എം.കെ.വർഗീസിനു സല്യൂട്ടിനു വേണ്ടി ചോദിച്ചതല്ല. മേയർമാർക്കു വേണ്ടി ചോദിച്ചതാണ്. കേരളത്തിലെ മുഖ്യമന്ത്രി മേയറുടെ ഏതു കത്തിനും ഏഴ് ദിവസത്തിനകം മറുപടി നൽകും. മറുപടി കിട്ടി എന്നുറപ്പു വരുത്തുകയും ചെയ്യും. പൊലീസിന് ഈ മര്യാദ പാലിക്കേണ്ട എന്നുണ്ടോ?"