sawai-madhopur

ഏറെ നാളത്തെ ഊഹാപോഹങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരസുന്ദരി കത്രീന കൈഫും യുവനടൻ വിക്കി കൗശലും വിവാഹിതരായത്. രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഫോർട്ട് ബർവാന സിക്സ് സെൻസസ് റിസോർട്ടിലാണ് പഞ്ചാബി രീതിയിലുള്ള അത്യാഡംബര പൂർണമായ വിവാഹ ആഘോഷങ്ങൾ നടന്നത്. മാദ്ധ്യമങ്ങൾ ആഘോഷമാക്കിയ വിവാഹത്തിന്റെ ഡെസ്റ്റിനേഷൻ ചിത്രങ്ങൾ ഇതുവരെ ലഭ്യമായില്ലെങ്കിലും താരങ്ങളുടെ മനം കവർന്ന രാജസ്ഥാൻ ഇപ്പോൾ കൂടുതൽ ശ്രദ്ധേ നേടുകയാണ്. എന്തുകൊണ്ട് ഈ സ്ഥലം താരജോഡികൾ തങ്ങളുടെ എക്കാലത്തെയും ഓർമയ്ക്കായി തിരഞ്ഞെടുത്തു എന്നതിനുള്ള ഉത്തരം ഇവിടത്തെ വിസ്മയ കാഴ്ചകൾ നമ്മുക്ക് പറഞ്ഞുതരും.

രാജസ്ഥാനിലെ പ്രധാന നഗരങ്ങളിലൊന്നാണ് സവായ് മധോപുർ. 'രൺതമ്പോറിലേക്കുള്ള ഗേറ്റ്‌വേ' എന്നറിയപ്പെടുന്ന ഈ നഗരത്തിൽ നിരവധി ചരിത്ര സംഭവങ്ങളും ഭരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ചമ്പൽ നദിക്കു സമീപമുള്ള ഈ പ്രദേശം ഭാഗികമായി സമതലവും ഭാഗികമായി കുന്നുകൾ നിറഞ്ഞതുമാണ് . ആരവല്ലി, വിന്ധ്യ മലനിരകളാൽ ചുറ്റപ്പെട്ട ഇവിടത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ ഉത്തരേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ദേശീയോദ്യാനമായ രൺതമ്പോർ ദേശീയോദ്യാനവും അടുത്തിടെ യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ രൺതമ്പോർ കോട്ടയുമാണ്.

സവായ് മധോപുരിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങളിലൂടെ ഒരു യാത്ര പോയാലോ?

രൺതമ്പോർ കോട്ട

ranthambore-fort

പത്താം നൂറ്റാണ്ടിൽ ചൗഹാൻ ഭരണാധികാരികൾ പണികഴിപ്പിച്ചതാണ് ശ്രദ്ധേയമായ രൺതംബോർ കോട്ട. 1303ൽ അലാവുദ്ദീൻ ഖിൽജി കോട്ട ഉപരോധിച്ചപ്പോൾ രാജ കൊട്ടാരത്തിലെ സ്ത്രീകൾ സ്വയം ദഹിപ്പിക്കൽ നടത്തിയ സ്ഥലമെന്ന ചരിത്രപരമായ ഐതിഹ്യവും ഈ കോട്ടയുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്ഷേത്രങ്ങളും ടാങ്കുകളും കൂറ്റൻ ഗേറ്റുകളും കൂറ്റൻ മതിലുകളും ഈ കോട്ടയുടെ സവിശേഷതകളാണ്.

രൺതമ്പോർ ദേശീയോദ്യാനം

ranthambore-national-park

സവായ് മധോപൂരിൽ നിന്ന് പതിനാല് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന രൺതമ്പോർ ദേശീയോദ്യാനത്തിന് രൺതംബോർ കോട്ടയിൽ നിന്നാണ് ഈ പേര് ലഭിച്ചത്. ആരവല്ലി, വിന്ധ്യ പർവതനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം 392 ച.കി.മീ വിസ്തൃതിയുള്ള നിബിഡ വനമേഖലയിൽ മനോഹരമായ വെള്ളച്ചാട്ടങ്ങളാൽ വ്യാപിച്ചുകിടക്കുന്നു. അപൂവ്വയിനം കടുവയുടെ ആവാസ കേന്ദ്രമായ ഇവിടെ മുന്നൂറിലധികം ഇനം പക്ഷികളും കാണപ്പെടുന്നു.

ഘുഷ്മേശ്വര ക്ഷേത്രം

ghushmeshwar-temple

ശിവ ഭഗവാന്റെ ജ്യോതിർലിംഗങ്ങളിൽ പന്ത്രണ്ടാമത്തെയോ അവസാനത്തെയോ ഘുഷ്മേശ്വര ക്ഷേത്രം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശിവനുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങൾ ഈ ക്ഷേത്രവുമായി എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു.

ടോങ്ക്

tonk

ജയ്പൂരിൽ നിന്ന് രൺതമ്പോറിലേയ്ക്കുള്ള വഴിയിൽ 96 കീ.മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഒരുകാലത്ത് അഫ്ഗാനിസ്ഥാനിലെ പത്താൻഗോത്രക്കാരുടെ ശക്തി കേന്ദമായിരുന്നു. 1818-ൽ ബ്രിട്ടീഷുകാരുമായുള്ള ഉടമ്പടിയുടെ ഫലമായി നവാബ് അമീർ ഖാൻ ആധുനിക ടോങ്ക് സ്ഥാപിച്ചു. ഇവിടെ നിരവധി കൊളോണിയൽ കെട്ടിടങ്ങളും ചിത്രപ്പണികൾ ചെയ്ത പള്ളികളും അർദ്ധ-ഹിന്ദു വാസ്തുവിദ്യയും പുരാതന കയ്യെഴുത്തുപ്രതികളുടെയും പുസ്തകങ്ങളുടെയും ശേഖരണവുമുണ്ട്.

സുന്ഹേരി കോത്തി

sunheri-kothi

1824ൽ നവാബ് അമീർ ഖാൻ സ്വർണത്താൽ പണിക്കഴിപ്പിച്ച ബംഗ്ളാവാണ് സുന്ഹേരി കോത്തി. ഹിന്ദു- മുസ്ലീം വാസ്തുവിദ്യയുടെ മനോഹരമായ മാതൃക കൂടിയാണ് ഈ ബംഗ്ളാവ്.

ജമാ മസ്ജിദ്

jama-masjid

നഗരത്തിന്റെ ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന ഈ മനോഹര കെട്ടിടം രാജസ്ഥാനിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

ഖാണ്ഡഹാർ കോട്ട

khandhahar-fort

സവായ് മധോപൂരിൽ നിന്ന് നാൽപ്പത്തിയഞ്ച് കീ.മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ കോട്ട മേവാറിലെ സിസോദിയ രാജാക്കന്മാർ ദീർഘകാലം ഭരിച്ചിരുന്നതിന്റെ തെളിവായി നിലക്കൊള്ളുന്നു. ഈ മഹത്തായ കോട്ട പിന്നീട് മുഗളന്മാർ ഏറ്റെടുത്തു.