bipin-rawat-funeral

ന്യൂഡൽഹി: ഹെലികോപ്ടർ അപകടത്തിൽ മരണമടഞ്ഞ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് സകല ബഹുമതികളോടെയും രാജ്യം യാത്രയയപ്പ് നൽകി. 800ഓളം സൈനികരുടെ അകമ്പടിയിൽ 17 റൗണ്ട് ഗൺസല്യൂട്ടോട് കൂടിയാണ് ന്യൂഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിൽ രാജ്യത്തിന്റെ സൈന്യാധിപന് യാത്രയയപ്പ് നൽകിയത്. മക്കളായ ക്രിതികയും തരിണിയും ചേർന്നാണ് ചിതയ്ക്ക് തിരി കൊളുത്തിയത്.

നേരത്തെ കാമരാജ് റോഡിലുള്ള ഔദ്യോഗിക വസതിയിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് ബിപിൻ റാവത്തിന്റെയും ഭാര്യയുടേയും മൃതദേഹങ്ങൾ വിലാപയാത്രയായി ശ്മശാനത്തിൽ എത്തിച്ചത്. 3.30ഓടെ ശ്മശാനത്തിൽ എത്തിച്ച മൃതദേഹങ്ങളിൽ 4.15 വരെ രാഷ്ട്രനേതാക്കളും അതിന് ശേഷം 4.30 വരെ കുടുംബാംഗങ്ങളും അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് 4.45ഓടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ, കേന്ദ്ര മന്ത്രിമാരായ മൻസുഖ് മാണ്ഡവ്യയ, സർബാനന്ദ സോനോവാൾ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, എ കെ ആന്റണി, ഹരീഷ് സിംഗ്, മല്ലികാർജുന ഗാർഗെ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, ഡൽഹി ലഫ്റ്റനെന്റ് ഗവർണർ അനിൽ ബൈജാൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഡി എം കെ നേതാക്കളായ എ രാജ, കനിമൊഴി, ജെ പി നഡ്ഡ, ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്, ഫ്രാൻസ്, ഇസ്രായേൽ നയതന്ത്രപ്രതിനിധികൾ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. ഇന്നലെ ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ച ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെയുള്ളവരുടെ ഭൗതികശരീരങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചിരുന്നു.

വിലാപയാത്രയായിട്ടാണ് ഇരുവരുടേയും ഭൗതികശരീരങ്ങൾ വസതിയിൽ നിന്നും ശ്മശാനത്തിലേക്ക് എത്തിച്ചത്. റോഡിന് ഇരുവശത്തുമായി വാഹനങ്ങൾ ഒതുക്കി ഭാരത് മാതാ കി ജയ്, അമർ രഹേ വിളികൾ മുഴക്കിയാണ് ഇന്ത്യയുടെ സൈന്യാധിപന് രാജ്യം വിട നൽകിയത്. തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഏറിയ പങ്കും ബിപിൻ റാവത്ത് ചെലവഴിച്ചത് ന്യൂഡൽഹിയിലാണ്. അതിനാൽ തന്നെ അദ്ദേഹത്തെ അടുത്തറിയുന്ന നിരവധി പേർ രാജ്യതലസ്ഥാനത്തുണ്ട്. മൃതശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നു പോകുന്നത് കാണാനാകാതെ പലരും വിങ്ങിപ്പൊട്ടുന്നത് കാണാമായിരുന്നു. ത്രിവർണ പതാക വീശിയും വാഹനത്തിനൊപ്പം ഓടിയുമാണ് ജനക്കൂട്ടം ബിപിൻ റാവത്തിനോടും ഭാര്യയോടുമുള്ള അവരുടെ സ്നേഹം വെളിപ്പെടുത്തിയത്.