education-plan

ന്യൂഡൽഹി: സ്ത്രീകളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിനായി 2015-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ പദ്ധതിയാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ. എന്നാൽ ഈ പദ്ധതിക്കായി കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ടിന്റെ 80 ശതമാനവും സംസ്ഥാന സര്‍ക്കാരുകൾ ചെലവിട്ടത് മാദ്ധ്യമങ്ങൾക്ക് പരസ്യങ്ങൾ നൽകാനെന്ന് റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലോക്‌സഭയില്‍ സ്ത്രീ ശാക്തീകരണത്തിനുള്ള പാര്‍ലമെന്ററി സമിതിയാണ് ഇക്കാര്യം അറിയിച്ചത്.

അഞ്ചു വര്‍ഷത്തിനിടെ 848 കോടിയുടെ ബജറ്റ് ഇതിനായി വകയിരുത്തിയപ്പോള്‍ 156.46 കോടി രൂപ മാത്രമാണ് പദ്ധതിക്കായി ചെലവഴിച്ചത്. 2016 നും 2019 നും ഇടയില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ 446.72 കോടി രൂപയില്‍ 78.91% മാദ്ധ്യമങ്ങിൽ പരസ്യത്തിനായിട്ടാണ് സംസ്ഥാനങ്ങൾ ചെലവഴിച്ചതെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പദ്ധതിക്കായി അനുവദിക്കുന്ന ഫണ്ട് ശരിയായി വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വനിതാ ശിശു വികസന മന്ത്രാലയത്തോട് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിക്ക് കീഴിലുള്ള മൊത്തം വിനിയോഗവും മോശമായിരുന്നുവെന്നാണ് കണ്ടെത്തല്‍. ബിബിബിപിയുടെ തുടക്കം മുതല്‍ 2019-20 വരെ പദ്ധതിക്ക് കീഴിലുള്ള മൊത്തം ബജറ്റ് വിഹിതം 848 കോടിയാണെന്ന് സമിതി കണ്ടെത്തി. ഈ കാലയളവില്‍, സംസ്ഥാനങ്ങള്‍ക്ക് 622.48 കോടി രൂപ അനുവദിച്ചു, എന്നാല്‍ ഫണ്ടിന്റെ 25.13%, അതായത് 156.46 കോടി രൂപ മാത്രമാണ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ചെലവഴിക്കപ്പെട്ടതെന്നും സമിതി ചൂണ്ടിക്കാട്ടി