ambani-and-nitha

മുംബയ്: ഇന്ത്യയിലെ അതിശക്തരായ ദമ്പതികളുടെ പട്ടികയിൽ ഒന്നാമതെത്തി ശതകോടീശ്വരൻ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹ്യൂമൻ ബ്രാൻഡ്സാണ് പട്ടിക തയാറാക്കിയത്. 25 മുതൽ 40 വയസ് വരെ പ്രായമുള്ള 1,362 പേർക്കിടയിലാണ് സർവെ സംഘടിപ്പിച്ചത്.

റിലയൻസ് ഗ്രൂപ്പ് ചെയർമാനായ മുകേഷ് അംബാനിയും നിതയും 94 ശതമാനം സ്‌കോറോടെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. 86 ശതമാനം സ്‌കോറോടെ ബോളിവുഡ‌് താരജോടികളായ ദീപിക പദുക്കോണും രൺവീർ സിംഗും രണ്ടാംസ്ഥാനത്തെത്തി. വിരാട് കൊഹ്‌ലിയും അനുഷ്‌ക ശർമ്മയും 79 ശതമാനം സ്‌കോർ നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാലാം സ്ഥാനത്ത് രൺബീർ കപൂറും ആലിയ ഭട്ടുമാണ്. പട്ടികയിൽ അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും അഞ്ചാം സ്ഥാനത്തും ഷാരൂഖ് ഖാനും ഗൗരി ഖാനും ആറാം സ്ഥാനത്തുമാണ്. സെയ്ഫ് അലി ഖാനും കരീന കപൂറുമാണ് ഏഴാം സ്ഥാനക്കാർ.

2019ലെ സർവേയിൽ ദീപിക പദുക്കോൺ - രൺവീർ സിംഗ്, വിരാട് കോഹ്‌ലി - അനുഷ്‌ക ശർമ്മ എന്നിവർ റാങ്കിംഗിൽ ഏകദേശം തുല്യസ്ഥാനത്തായിരുന്നു. 2020ൽ സർവേ നടത്തിയിരുന്നില്ല. 2021ലെ റാങ്കിംഗിൽ ബിസിനസ് ദമ്പതികളെ കൂടി ഉൾപ്പെടുത്തിയതോടെയാണ് അംബാനി ദമ്പതികൾ മുന്നിലെത്തിയത്.