prinka

പനാജി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി ഗോവയിൽ സന്ദർശനം നടത്തുന്നതിനിടെ സംസ്ഥാനത്തെ പാർട്ടിയിൽ കൂട്ടരാജി. പോര്‍വോറിം നിയമസഭാ മണ്ഡലത്തിലെ ജനസ്വാധീനമുള്ള ഒരുകൂട്ടം നേതാക്കളാണ് പാർട്ടിയുടെ ഇപ്പോഴത്തെ പോക്കിൽ മനംനൊന്ത് രാജിവച്ചത്. സ്വതന്ത്ര എംഎല്‍എ രോഹന്‍ ഖൗണ്ടയെ പിന്തുണയ്ക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. ദക്ഷിണ ഗോവയില്‍ നിന്നുള്ള മുതിര്‍ന്ന തോവ് മൊറീനോ റിബെലോ രാജി പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന് മറ്റൊരു തിരിച്ചടിയായി.

ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് നേതൃത്വം ഗൗവരത്തോടെ കാണുന്നില്ലെന്നാണ് രാജിവച്ച നേതാക്കളുടെ പ്രധാന ആക്ഷേപം. 'വരാനിരിക്കുന്ന ഗോവ തിരഞ്ഞെടുപ്പില്‍ ഗൗരത്തോടെ മത്സരിക്കാന്‍ പാര്‍ട്ടിക്ക് താല്‍പ്പര്യമില്ലെന്ന് തോന്നുന്നു. നേതാക്കളുടെ മനോഭാവം കണ്ടാല്‍ അങ്ങനെയാണ് തോന്നുക' - മുന്‍ ജില്ലാ പഞ്ചായത്ത് അംഗമായ ഗുപേഷ് നായിക് പറഞ്ഞു..

പാർട്ടിക്കെതിരെ പ്രവർത്തിച്ചിട്ടും കര്‍ട്ടോറിം മണ്ഡലത്തില്‍ നിന്നുള്ള സിറ്റിംഗ് എം എല്‍ എ അലിക്സോ റെജിനല്‍ഡോ ലോറന്‍കോയ്ക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നൽകിയതാണ് മൊറീനോ റിബെലോയെ ചൊടിപ്പിച്ചത്. രാജിക്കത്തിൽ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. നേരത്തേ തന്നെ പാർട്ടി നേതൃത്വത്തെ അദ്ദേഹം ഇക്കാര്യം അറിയിച്ചതാണ്. പക്ഷേ, ആരും അത് ഗൗരവമായി എടുത്തില്ല.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയതും ഒരുകൂട്ടം നേതാക്കളെയും അണികളെയും ചൊടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസിന് ഒരു പ്രയോജനവുമുണ്ടാകാത്ത സഖ്യം എന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി എന്ന വാർത്ത ഗോവയിൽ കോൺഗ്രസ് ചുമതലയുള്ള പി ചിദംബരം തള്ളിക്കളഞ്ഞു. ഗോവ ഫോര്‍വേഡ് പാർട്ടി കോൺഗ്രസിന് പിന്തുണ നൽകുകമാത്രമാണ് ഉണ്ടായതെന്നും ഇപ്പോൾ അതിനെ സഖ്യമായി കണക്കാക്കാനാവില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.