mamtha-and-mahua

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയിത്രയെ വേദിയിലിരുത്തി രൂക്ഷമായി വിമർശിച്ച് പാർട്ടി നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. വ്യാഴാഴ്ച കൃഷ്ണനഗറിൽ സംസ്ഥാന സർക്കാർ നടത്തിയ ഒരു അഡ്മിനിസ്‌ട്രേറ്റീവ് യോഗത്തിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും. 'മഹുവാ, ഞാനൊരു കാര്യം വ്യക്തമായി പറയാം. ആര് ആർക്ക് എതിരാണെന്ന് എനിക്ക് അറിയേണ്ട കാര്യമില്ല, പക്ഷേ തിരഞ്ഞെടുപ്പ് വരുമ്പോൾ, ആര് മത്സരിക്കണമെന്നും ആര് മത്സരിക്കേണ്ടെന്നും പാർട്ടി തീരുമാനിക്കും. അതിന്റെ പേരിൽ അഭിപ്രായവ്യത്യാസമുണ്ടാകരുത്.' - നാദിയ ജില്ലയിലെ പാർട്ടി പ്രവർത്തകരിൽ വിഭാഗീയത ഉടലെടുത്തതിനെപ്പറ്റിയാണ് മമത അതൃപ്തി പ്രകടിപ്പിച്ചത്. ഒരു വ്യക്തി എന്നും ഒരേ സ്ഥാനത്ത് തുടരുമെന്ന് കരുതേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു. പാർട്ടിയുടെ നാദിയ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അടുത്തിടെ നീക്കം ചെയ്യപ്പെട്ട മൊയിത്ര മമത ബാനർജിക്ക് തൊട്ടുപിന്നിൽ വേദിയിൽ ഇരിക്കുന്നുണ്ടായിരുന്നു. ടി.എം.സി നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ അഴിമതി ആരോപിച്ച് പോസ്റ്ററുകൾ പതിക്കുന്നതിനെപ്പറ്റിയും മമത പരാമർശിച്ചു. പൊലീസ് അന്വേഷണത്തിൽ ആരോപണങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞതായും മമത ബാനർജി പറഞ്ഞു.