
ന്യൂഡൽഹി: 2021ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയത് ബിഗ് ബോസ് താരം ഷെഹ്നാസ് ഗിൽ. ബോളിവുഡ് താരം കത്രീനാ കൈഫിന്റെ ഭർത്താവ് വിക്കി കൗശലിനെയും മറ്റൊരു ബോളിവുഡ് താരം ശില്പാ ഷെട്ടിയുടെ ഭർത്താവും നീലച്ചിത്ര നിർമാണത്തിന് പിടിയിലായ രാജ് കുന്ദ്രയേയും മറികടന്നാണ് ഷെഹ്നാസ് ഈ പട്ടികയിൽ മൂന്നാമത് എത്തിയത്.
ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ ജാവലിൻ താരം നീരജ് ചോപ്രയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ പിടിയിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ 13ാം പതിപ്പിൽ മത്സരാർത്ഥിയായി എത്തുന്നതോടെയാണ് ഷെഹ്നാസ് ഗിൽ പ്രശസ്തിയിലേക്ക് ചുവടി വയ്ക്കുന്നത്. തുടർന്ന കഴിഞ്ഞ വർഷം നിരവധി പഞ്ചാബി സംഗീത വീഡിയോകളിലും ഹോൺസ്ലാ രഖ് എന്ന പഞ്ചാബി ചിത്രത്തിലും ഷെഹ്നാസ് അഭിനയിച്ചിരുന്നു. എന്നാൽ താരത്തിന്റെ വ്യക്തിജീവിതത്തെ ചുറ്റിപ്പറ്റി ഉയർന്ന ഊഹാപോഹങ്ങളാണ് ഷെഹ്നാസിനെ ഗൂഗിൾ പട്ടികയിൽ മുന്നിലെത്തിച്ചത്. 2021ന്റെ തുടക്കത്തിൽ വലിയ രീതിയിൽ മേക്കോവർ നടത്തിയ താരം നിരവധി ആരാധകരെ സൃഷ്ടിച്ചിരുന്നു.
അതേസമയം പട്ടികയിലെ ആദ്യ പത്തിൽ ടെസ്ല സി ഇ ഒ എലോൺ മസ്ക്കും സ്ഥാനം പിടിച്ചിട്ടുണ്ട്. രാജ് കുന്ദ്രയ്ക്ക് താഴെ അഞ്ചാമതായാണ് എലോൺ മസ്കിന്റെ പട്ടികയിലെ സ്ഥാനം. പട്ടികയിൽ ഉള്ള ഒരേയൊരു വിദേശിയാണ് മസ്ക്. ആറാം സ്ഥാനത്ത് വിക്കി കൗശലും ഏഴാം സ്ഥാനത്ത് പി വി സിന്ധുവും എത്തി. എട്ടും ഒൻപതും സ്ഥാനങ്ങളിൽ ഗുസ്തിതാരങ്ങളായ ബജ്റംഗ് പൂനിയയും സുശീൽ കുമാറും എത്തിയപ്പോൾ പത്താം സ്ഥാനത്ത് വരുൺ ധവാന്റെ ഭാര്യ നതാഷാ ദലാൽ ആണുള്ളത്.