
സംഘടനയ്ക്ക് പുത്തനുണർവ് നല്കുക, സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കുക, അടിത്തട്ട് വരെ ചലനാത്മകമാക്കുക. കാലോചിതമായി നവീകരിക്കുക, കോൺഗ്രസിന്റെ പുതിയ നേതൃത്വത്തിന് മുന്നിലുണ്ടായിരുന്ന ശ്രമകരമായ ലക്ഷ്യം ഇവയായിരുന്നു. തുടർച്ചയായ ചർച്ചകൾക്കും പരിശോധനകൾക്കും ശേഷം പുതിയ പ്രവർത്തന മാർഗരേഖ തയ്യാറാക്കി. പുനഃസംഘടനയോടെ നവീകരണത്തിന് തുടക്കം കുറിച്ചു. ബൂത്തുകൾക്കു താഴെ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കാൻ ബൃഹത്തായ പരിശീലന പദ്ധതിക്ക് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിൽ തുടക്കമിട്ടു.
ജില്ലാ കോൺഗ്രസ്സ് അദ്ധ്യക്ഷന്മാരുടെ പുനഃസംഘടന പൂർത്തിയായി. കെ.പി.സി.സി.യുടെ ജംബോ കമ്മിറ്റികൾ മാറി. പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സംഘടനാ ചുമതലകൾ നിർണയിച്ചു. കെ.പി.സി.സി. എക്സിക്യൂട്ടീവ്, ഡി.സി.സി. പുനഃസംഘടന എന്നിവ നടക്കാനിരിക്കുന്നു. കെ.പി.സി.സിയുടെ പ്രവർത്തന പദ്ധതി സമയബന്ധിതമായി നടക്കുന്നു. സംസ്ഥാന കോൺഗ്രസ് പുനഃസംഘടനയിൽ കൊടുങ്കാറ്റും പൊട്ടിത്തെറിയും പ്രതീക്ഷിച്ച് രക്തഹാരവുമായി കാത്തുനിന്നവർക്ക് നിരാശ മാത്രം മിച്ചം.
നിയമസഭ, ജനകീയ വിഷയങ്ങൾ ഉന്നയിക്കാനും ഭരണകൂടത്തിന്റെ അഴിമതിയേയും കെടുകാര്യസ്ഥതയേയും തുറന്നു കാണിക്കാനുമുള്ള ജനാധിപത്യ സമരകേന്ദ്രമാണ്. നിയമസഭാ സാമാജികർക്കുള്ള നിയമപരമായ പരിരക്ഷക്കകത്തു നിന്ന് ജനങ്ങളുടെ നാവായി മാറുക. നിയമസഭയിൽ പ്രതിപക്ഷം ഈ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇടതുപക്ഷം ജനദ്രോഹത്തിന്റെ മുഖം പുറത്തെടുത്തപ്പോഴെല്ലാം പ്രതിപക്ഷം ജ്വലിച്ചുനിന്നിട്ടുണ്ട്.
ഇടതുപക്ഷം ജനപക്ഷമല്ലെന്നും ജനവിരുദ്ധതയാണ് അവരുടെ മുഖമുദ്രയെന്നും കേരളം ഇതിനകം തിരിച്ചറിഞ്ഞു. ഇന്ധന വിലവർദ്ധനവിനെതിരെ രാജ്യവ്യാപകമായി കോൺഗ്രസിന്റെ സമരം ജനം ഏറ്റെടുത്തു. ജനമുന്നേറ്റത്തിൽ, വിലക്കയറ്റത്തിനെതിരായ ജനകീയ കൂട്ടായ്മയിൽ അമ്പരന്ന മോദിയും കൂട്ടരും ഇന്ധനനികുതി കുറയ്ക്കാൻ നിർബന്ധിതമായി. 24 സംസ്ഥാനങ്ങൾ ഇന്ധനവിലയിൽ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന നികുതിയിനത്തിൽ ഇളവ് പ്രഖ്യാപിച്ചു. എന്നാൽ പിണറായി വിജയന്റെ കേരളം മാത്രം അധികനികുതി വരുമാനത്തിൽ ഒരു പൈസ പോലും കുറക്കാതെ കേരളത്തെ വെല്ലുവിളിച്ചു. എണ്ണവില കുതിക്കുമ്പോൾ നികുതി വരുമാനത്തിൽ ആഹ്ലാദം കൊള്ളുന്നവർ മറുഭാഗത്ത് ആശ്രിത നിയമനം, ബന്ധുനിയമനം, തീവെട്ടിക്കൊള്ളകൾ, സ്ത്രീപീഡനങ്ങൾ, പൊലീസ് അതിക്രമങ്ങൾ, കൊലപാതകങ്ങൾ എന്നിവയിലാണ് ഊറ്റംകൊള്ളുന്നത്.
ചോരക്കൊതി മാറാത്തവർ ഇന്നും കഠാര മുനകളുമായി ഇരുളിൽ മറഞ്ഞിരിപ്പുണ്ട്. കേരളം ഒരിക്കലും കഠാര രാഷ്ട്രീയം ആഗ്രഹിക്കുന്നില്ല. ചോരപുരണ്ട രാഷ്ട്രീയത്തോട് 'കടക്കു പുറത്ത്' എന്നു പറയാൻ ആർജ്ജവം കാണിക്കുന്ന ജനതയാണ് മലയാളക്കരയുടെ കരുത്ത്.
ഭരണത്തുടർച്ചയ്ക്കായ് വോട്ടുചെയ്തവർ നിരാശരാണ്. ജനദ്രോഹ ഭരണവുമായി യാതൊരു സന്ധിക്കും യു.ഡി.എഫ് ഇല്ല. മൊഫീനയുടെ ഘാതകരെ ജനം തെരുവിലിറങ്ങി വിചാരണ ചെയ്തപ്പോൾ, ഇതൊരു പ്രത്യേക പാർട്ടിയാണെന്ന് പറഞ്ഞ് അഹങ്കരിച്ചു നടന്നവർക്ക് മുട്ടുമടക്കേണ്ടി വന്നിട്ടുണ്ട്. കോൺഗ്രസ് ആലസ്യം വിട്ടുണരുന്നു. സമരസജ്ജമാവുന്നു. നിങ്ങളിലൊളിഞ്ഞിരിക്കുന്ന കാപട്യം ഇനിയും ഒളിച്ചുവയ്ക്കാനാവില്ല.
എ.ഐ.സി.സി.യുടെ തീരുമാനപ്രകാരം രാജ്യത്തെമ്പാടും നടന്നുവരുന്ന ജനജാഗരൺ അഭിയാൻ പദയാത്രകൾ കോൺഗ്രസിന്റെ മാറുന്ന മുഖം കാട്ടിത്തരുന്നു. പദയാത്രകൾ പലയിടങ്ങളിലും ജനസാഗരമായി. പ്രവർത്തകരുടെ മനോഭാവം മാറി. ആത്മവിശ്വാസത്തിന്റെ നിറുകയിലാണവർ. കോൺഗ്രസ് എന്റെ അഭിമാനമാണെന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്നു.
സി.പി.എമ്മിന് സമ്മേളന കാലമാണിപ്പോൾ. ബ്രാഞ്ച് സമ്മേളനം മുതൽ പാർട്ടി കോൺഗ്രസ് വരെ. കേഡർ പാർട്ടിയെന്ന് അഹങ്കാരം കൊണ്ടിരുന്ന സി.പി.എമ്മിനകത്ത് ആഭ്യന്തരപ്രശ്നങ്ങൾ ഗുരുതരമാണ്.
പല സമ്മേളനങ്ങളും പാതിവഴിയിൽ നിറുത്തേണ്ടി വന്നു. ഇന്ത്യയുടെ കമ്മ്യൂണിസ്റ്റ് തലസ്ഥാനമെന്നു വിളിക്കുന്ന കണ്ണൂരിൽ സിറ്റിയിലും തളിപ്പറമ്പിലും സഖാക്കൾ സമ്മേളനത്തിൽ നിന്നിറങ്ങിപ്പോയി. പലരും സി.പി.ഐ.യിലേക്ക് പാലായനം ചെയ്യുന്നു. കോൺഗ്രസ് പോരായ്മകളിൽ നിന്നും നവീകരണത്തിലേക്ക് മുന്നേറുമ്പോൾ, സി.പി.എം. കേഡർ സംവിധാനത്തിൽ നിന്നും ആഭ്യന്തര സംഘർഷങ്ങളിലേക്ക് നടക്കുകയാണ്.