
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ കുളച്ചലിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തക്കല സ്വദേശി ഖലീദ് റഹ്മാന്റെ മകൻ മുഹമ്മദ് ബാഹീം (18), കോഴിപോർവിള കോട്ടവിള സ്വദേശി തങ്കപ്പന്റെ മകൻ മെൽബിൻ (21) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയായിരുന്നു സംഭവം. കോഴിപോർവിളയിലെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇതിന് രണ്ട് ലക്ഷം രൂപ വില വരുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.