
ലക്‌നൗ: കോച്ചിംഗ് ക്ളാസിന് പോകുകയായിരുന്ന പതിമൂന്ന് വയസുകാരിയെ മയക്കി ബലാൽസംഗം ചെയ്‌ത പതിനേഴുകാരൻ പിടിയിൽ. ഉത്തർ പ്രദേശിൽ ബറെയ്‌ലി ജില്ലയിലാണ് സംഭവം. ക്ളാസിന് പോയ കുട്ടി മടങ്ങിവരാത്തതിനെത്തുടർന്ന് പെൺകുട്ടിയുടെ അച്ഛനും സഹോദരനും അന്വേഷിച്ചിറങ്ങി. ഈ സമയം പെൺകുട്ടി അടുത്തുളള മെഡിക്കൽ ഷോപ്പിലെ യുവാവുമായി സംസാരിക്കുന്നത് കണ്ടതായി പെൺകുട്ടിയുടെ സുഹൃത്തുക്കൾ പറഞ്ഞു. തുടർന്ന് ഇവിടെയെത്തിയ പെൺകുട്ടിയുടെ അച്ഛനും സഹോദരനും മെഡിക്കൽ ഷോപ്പ് പൂട്ടിയിരിക്കുന്നത് കണ്ടു. എന്നാൽ ഉളളിൽ ലൈറ്റുണ്ടെന്നും കണ്ടെത്തി.
തുടർന്ന് ഷോപ്പിന്റെ ഉളളിലെത്തിയ പെൺകുട്ടിയുടെ അച്ഛനും സഹോദരനും ഇവിടെ പതിനേഴുകാരനെ കണ്ടു. ബോധരഹിതയായ പെൺകുട്ടിയെ പീഡിപ്പിക്കപ്പെട്ട നിലയിലും കടയുടെ ഉളളിൽ പൂട്ടിയിട്ടിരിക്കുന്നെന്ന് കണ്ടെത്തി. പെൺകുട്ടിയെ മയക്കിയ ശേഷം പതിനേഴുകാരൻ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് യുവാവിനെ കൈയോടെ പിടികൂടിയ ഇവർ പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ പൊലീസിനെ ഏൽപ്പിച്ചു. ഇതിനിടെ യുവാവിന്റെ മൂത്ത സഹോദരൻ സ്ഥലത്തെത്തുകയും പെൺകുട്ടിയുടെ സഹോദരനുമായി വഴക്കുണ്ടാകുകയും ചെയ്‌തു. പതിനേഴുകാരനെതിരെ പോക്‌സോ നിയമപ്രകാരവും ബലാൽസംഗത്തിനും കേസെടുത്തു. പെൺകുട്ടിയ്‌ക്ക് നടത്തിയ മെഡിക്കൽ പരിശോധനയിൽ കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞിരുന്നു.