omicron

മുംബയ്: രാജ്യത്ത് ഒമിക്രോൺ കേസുകൾ കൂടുന്നു. മഹാരാഷ്ട്രയിൽ ഒരാൾക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ മൊത്തം ഒമിക്രോൺ ബാധിതരുടെ എണ്ണം 26 ആയി.രോഗം ബാധിച്ചവരിൽ ഗുരുതര ലക്ഷണങ്ങളില്ല എന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയിൽ ധാരാവിയിൽ നിന്നാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തത്. ടാൻസാനിയയിൽ നിന്നെത്തിയ 49കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി. ഇതിൽ ഏഴ് പേർ രോഗമുക്തരായി. രണ്ട് പേർ ആശുപത്രി വിടുകയും ചെയ്തു.

മഹാരാഷ്ട്രയ്ക്ക് പുറമേ രാജസ്ഥാൻ, ഗുജറാത്ത്, കർണാടക, ഡൽഹി എന്നിവിടങ്ങളിലാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. അതേസമയം, ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ബൂസ്റ്റർ ഡോഡ് നൽകുന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളുന്നത് വിദഗ്ദ്ധരുടെ നിർദ്ദേശപ്രകാരം ആയിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി. ലോകത്ത് പലയിടത്തും ഇപ്പോൾ ബൂസ്റ്റർ ഡോസുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ ലോകാരോഗ്യസംഘടന ബൂസ്റ്റർ ഡോസ് നൽകുന്നതിനെ എതിർക്കുകയാണ്. ഇത് വാക്സിൻ അസന്തുലിതാവസ്ഥ ഉണ്ടാക്കുമെന്നാണ് പ്രധാന ആക്ഷേപം.